

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാര്‍. പ്രതികളുമായി ബന്ധമുള്ള ആരും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞതെന്നും കാളിരാജ് പറഞ്ഞു. കേസ് തുടക്കം മുതല്‍ മുന്നോട്ട് പോയത് നല്ല രീതിയിലാണെന്നും കമ്മീഷണര്‍ പ്രതികരിച്ചു.
അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാളിരാജ് മഹേഷ് കുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാളിരാജിനെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്.
ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന് ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.
Content Highlights: Former Kochi City Police Commissioner Kaliraj Mahesh Kumar denies being contacted by any judge or anyone linked to the accused in the Cheranelloor car accident case. His statement comes after he was removed over alleged lapses in supervising the investigation