കാലിക്കറ്റ് യുണിവേഴ്സിറ്റി സംഘർഷം: MSF-SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

കാലിക്കറ്റ് യുണിവേഴ്സിറ്റി സംഘർഷം: MSF-SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
dot image

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. എംഎസ്എഫ് നല്‍കിയ പരാതിയില്‍ 11എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐയുടെ പരാതിയില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ പ്രതികരണവുമായി വി സി ഡോ. പി രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അക്രമം കൊണ്ട് മാത്രമാണ് സര്‍വകാലശാല രാഷ്ട്രീയം ചര്‍ച്ചയാകുന്നതെന്ന് വിമര്‍ശിച്ചായിരുന്നു വി സി യുടെ പ്രതികരണം. രണ്ട് സംഘടനകളില്‍ നിന്നും മനുഷ്യത്വരഹിതമായ പെരുമാറ്റം കണ്ടെന്നും ഇതിനെതിരെ സര്‍വകലാശാല ശക്തമായ നടപടി എടുക്കുമെന്നും വി സി പറഞ്ഞു.കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വി സി വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സമിതിയുടെ റിപ്പോര്‍ട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നാണ് വി സി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

സംഘര്‍ഷത്തില്‍ പൊലീസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പൊലീസ് കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും വി സി ചൂണ്ടിക്കാട്ടി. പൊലീസ് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍വ്വകലാശാല നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭസ്ഥലത്ത് 850ലധികം പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പുറത്ത് നിന്ന് ആളുകള്‍ സംഘര്‍ഷത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ക്യാമ്പസില്‍ ഗുണ്ട രാജ് അനുവദിക്കില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയിയാല്‍ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നും പുറത്താക്കുമെന്നും വി സി വ്യക്തമാക്കി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആദിലിനെയും ജില്ലാ സെക്രട്ടറി സുജിനെയും എംഎസ്എഫ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. സുജിനും ആദിലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തിരുന്നു.

Content Highlights: Police have registered cases against MSF and SFI activists in connection with the clash during the election at the University of Calicut. Further action in the case is underway.

dot image
To advertise here,contact us
dot image