മുസ്‌ലിം ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു: എം ബി രാജേഷ്

സംഘര്‍ഷത്തില്‍ എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

മുസ്‌ലിം ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു: എം ബി രാജേഷ്
dot image

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം ബി രാജേഷ്. എസ്എഫ്‌ഐ നേതാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് എംഎസ്എഫുകാര്‍ ആക്രമിച്ചെന്നും ഇക്കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നുവെന്നും എം ബി രാജേഷ് ആരോപിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയല്ല ഇതെങ്കില്‍ പ്രതികരിക്കണം എന്നും എം ബി രാജേഷ് വ്യക്തമാക്കി.

'മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ മാരകായുധങ്ങളുമായി വന്ന എംഎസ്എഫ് അക്രമികളുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്. ആരാണ് ക്രിമിനലുകളെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചത്. ധൈര്യവും പിന്‍ബലവും എവിടുന്നാണ്. മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണം. ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. മുഖം മറച്ചാണ് അവര്‍ എത്തിയത്. ശക്തമായ നടപടിയെടുക്കണം', എം ബി രാജേഷ് വിമര്‍ശിച്ചു.

'പുറത്തുവന്നത് കേരളത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങളാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്എഫ്‌ഐ നേതാക്കളെ മാരകായുധങ്ങളും കൊലവിളികളുമായെത്തിയ എംഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആശുപത്രിക്ക് അകത്ത് കയറി വധിക്കാന്‍ ശ്രമിച്ചു. നേതാക്കള്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി. കേരളം അപലപിക്കണം', എം ബി രാജേഷ് പറഞ്ഞു.

സംഘര്‍ഷത്തില്‍ എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എംഎസ്എഫ് നല്‍കിയ പരാതിയില്‍ 11 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്എഫ്ഐയുടെ പരാതിയില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Content Highlights: Former Kerala minister M B Rajesh criticises the Muslim League over the SFI-MSF clash at Calicut University

dot image
To advertise here,contact us
dot image