

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികള്‍ക്കും ജാമ്യമില്ല. എറണാകുളം അഡീ. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്.
പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി കോടതി തള്ളിയിരുന്നു. പിന്നാലെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പുതിയ സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശബ്ദരേഖയും ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
സുഹൈലിന് കുരുക്കായി മാറിയത് മൂന്നാം പ്രതി ജോയലിന്റെ ശബ്ദ രേഖയാണ്. സുഹൈല്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ചു. സുഹൈല്‍ നന്നായി മദ്യപിച്ചിരുന്നു. വരുന്ന വഴിക്ക് കാര്‍ സ്‌കൂട്ടറില്‍ തട്ടി. മൂന്നുപേര്‍ മരിച്ചു. ഞങ്ങള്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു എന്നായിരുന്നു അപകട ശേഷം പ്രതി ജോയല്‍ സുഹൃത്തിന് ആയച്ച ശബ്ദ രേഖയില്‍ പറഞ്ഞിരുന്നത്. നാട്ടുകാര്‍ വന്നപ്പോള്‍ വാപ്പ നോക്കിക്കോളും എന്ന് സുഹൈല്‍ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
Content Highlights: Nedumbassery Accident case not bail for accussed including suhail sajeev