

ദുബായിലെ കമ്പനികൾക്ക് ഭരണപരവും പ്രവർത്തനപരവുമായ ജോലികൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന ‘ചേംബർ എഐ ഹബ്’ (Chamber AI Hub) ആരംഭിച്ച് ദുബായ് ചേംബേഴ്സ്. ചേംബർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഏജന്റിക് എഐ മാർക്കറ്റ്പ്ലേസ് എന്ന വിശേഷണത്തോടെയാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ചുള്ള എഐ സംവിധാനങ്ങൾ തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.
സ്വകാര്യ മേഖലയിലെ എഐ ഉപയോഗം വർധിപ്പിക്കുകയും കമ്പനികളുടെ പ്രവർത്തനരീതികൾ നവീകരിക്കുകയും മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിൽ ഏഴ് പ്രധാന മേഖലകളിലായി 22 പ്രത്യേക എഐ ഏജന്റുകളാണ് പ്ലാറ്റ്ഫോമിലുള്ളത്. ഭാവിയിൽ ഇവയുടെ എണ്ണം 100 ആയി ഉയർത്താനാണ് ലക്ഷ്യം.
കംപ്ലയൻസ്, പർച്ചേസിങ്, പ്രവർത്തന നിയന്ത്രണം, ധനകാര്യം, വിൽപ്പന, മാനവവിഭവശേഷി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് എഐ സേവനങ്ങൾ ലഭ്യമാകുക. ദുബായ് ചേംബേഴ്സിലെ അംഗങ്ങളായ കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ എഐ ഏജന്റുകൾ തിരഞ്ഞെടുക്കാം. മത്സരക്ഷമമായ ആനുകൂല്യങ്ങളോടെയുള്ള വിവിധ സബ്സ്ക്രിപ്ഷൻ പാക്കേജുകളും ലഭ്യമാണ്. വിവിധ ബിസിനസ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന സംവിധാനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിതരണക്കാരെ കണ്ടെത്തുകയും അവരുടെ നിർദേശങ്ങൾ വിലയിരുത്തുകയും ചെയ്യുക, വിതരണ ശൃംഖലയിലെ അപകടസാധ്യതകൾ നിരീക്ഷിക്കുക, കരാറുകൾ പരിശോധിക്കുക, ഇൻവോയ്സുകളും പർച്ചേസ് ഓർഡറുകളും തമ്മിൽ താരതമ്യം ചെയ്യുക, ബിസിനസ് പ്രൊപ്പോസലുകൾ തയ്യാറാക്കുക, ജോലി അപേക്ഷകരുടെ ബയോഡാറ്റകൾ പരിശോധിക്കുക, വിൽപ്പന സാധ്യതയുള്ള ഉപഭോക്താക്കളെ വിലയിരുത്തുക, ഐടി ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട അഭ്യർഥനകൾ കൈകാര്യം ചെയ്യുക തുടങ്ങി ഇത്തരം ജോലികൾക്കായി ചെലവാകുന്ന സമയവും അധ്വാനവും കുറയ്ക്കാനും കമ്പനികളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും എഐ ഏജന്റുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
എഐ ഏജന്റുകൾ സജീവമാക്കുന്നതിന് മുമ്പ് അവയുടെ പ്രവർത്തനം പരീക്ഷിക്കാനുള്ള സൗകര്യവും പ്ലാറ്റ്ഫോമിലുണ്ട്. ഇതിനായി പ്രത്യേക സാൻഡ്ബോക്സ് സംവിധാനം ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ ഉപയോഗിക്കുന്നതിനായി കമ്പനികൾക്ക് സൗജന്യ ക്രെഡിറ്റുകളും ലഭിക്കും. പിന്നീട് ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ പണമടച്ചുള്ള പാക്കേജുകളിലേക്ക് മാറാം. എഐ സംവിധാനങ്ങളുടെ ഉപയോഗവും ചെലവും നിരീക്ഷിക്കാൻ ഡാഷ്ബോർഡുകൾ ലഭ്യമാണ്. എഐ സേവനങ്ങൾ ഉപയോഗിക്കാൻ കമ്പനി എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്താനുള്ള സംവിധാനവും ഓരോ എഐ ഏജന്റിനും ലഭിക്കുന്ന അഭ്യർഥനകളിൽ എത്രത്തോളം വിജയകരമായി പ്രവർത്തിക്കാൻ കഴിയുന്നു എന്ന് മനസ്സിലാക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനികളിലെ ജീവനക്കാർ എഐ ഏജന്റുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാൻ അഡ്മിനിസ്ട്രേറ്റർ പോർട്ടലും ലഭ്യമാകും. അടുത്ത രണ്ടുവർഷത്തിനുള്ളിൽ 2,95,000ത്തിലധികം സ്വകാര്യ മേഖലാ കമ്പനികൾക്ക് പ്രയോജനം ലഭ്യമാക്കുകയും 100 പ്രത്യേക എഐ ഏജന്റുകൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലാറ്റ്ഫോമിലെ എഐ ഏജന്റുകൾ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിക്കാനും പിന്തുണ നൽകാനും ശേഷിയുള്ളവയാണെന്നും അധികൃതർ പറഞ്ഞു.
Content Highlights: Dubai Chambers has launched Chamber AI Hub, the world’s first chamber-led Agentic AI marketplace, offering 22 specialised AI agents across seven business functions.