

കണ്ണൂര്‍: സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നല്കി പി പി ദിവ്യ. തനിക്കെതിരായ പാര്‍ട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നുവെന്ന് ദിവ്യയുടെ കത്തില്‍ ആരോപണമുണ്ട്. വിപീകൃത ജില്ലാ കമ്മിറ്റിക്ക് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്.
പി കെ ശ്യാമളയ്ക്കെതിരേയും കത്തില്‍ ആരോപണമുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന് ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാരമെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററില്‍ നിന്നും നീക്കി. സിപിഐഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇക്കാര്യം നടത്തിയതെന്നും പുനഃപരിശോധന വേണമെന്നും ആവശ്യമുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലും പരിഗണന കിട്ടാതെ വന്നതോടെയാണ് പിപി ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
അതേസമയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. എം എ ബേബി ദിവ്യയെ ഫോണില്‍ വിളിച്ചതായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്.
പരോക്ഷ വിമര്‍ശനങ്ങളുമായി പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുദ്ധന്റെ കഥ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റില്‍, പാര്‍ട്ടിയുമായി അകലുന്നതിന്റെ സൂചനയാണുള്ളതെന്നായിരുന്നു വിലയിരുത്തല്‍. ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല, ഒരു കരയില്‍ നിന്നും മറു കരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നു നടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ഇത് ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
അതേസമയം കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്ിയതുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെയാണ് കാര്‍ട്ടണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു പരാതി.
Content Highlights: PP Divya has written to the CPM central leadership requesting a review of the disciplinary action taken against her by the party.