വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, തെളിയിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യം: കാർട്ടൺ ഇന്ത്യ എംഡി

'കമ്പനി പൂര്‍ണമായും സഹകരിക്കും. ആരോപണം തെളിയിക്കാനായാല്‍ ഷമ്മാസിന് ഒരു കോടി രൂപ ഇനാം നല്‍കാന്‍ തയ്യാറാണ്'

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, തെളിയിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യം: കാർട്ടൺ ഇന്ത്യ എംഡി
dot image

തിരുവനന്തപുരം: പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി കമ്പനി എംഡി മുഹമ്മദ് ആസിഫ്. സര്‍ക്കാര്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് തെളിയേണ്ടത് എന്റെ കൂടി ആവശ്യമാണെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കെഎസ്‌യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്ന് ഈ വിഷയത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടി. വിജിലന്‍സ് അന്വേഷിച്ചതെല്ലാം നിലവില്‍ നിയമസഭാ രേഖകളില്‍ ഉള്ളതാണ്. എന്നാല്‍ പുനരന്വേഷണം നടക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. കമ്പനി പൂര്‍ണമായും സഹകരിക്കും. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കരാറിലേര്‍പ്പെട്ടത്. അല്ലെന്ന് തെളിയിക്കാനായാല്‍ ഷമ്മാസിന് ഒരു കോടി രൂപ ഇനാം നല്‍കാന്‍ തയ്യാറാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ല. മറ്റെല്ലാം കെട്ടിച്ചമക്കുന്ന കാര്യങ്ങളാണ്. പണമായോ സമ്മാനങ്ങളായോ ഒന്നും ആര്‍ക്കും കൈമാറിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ മൂന്ന് ടെന്‍ഡറുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.

മുഹമ്മദ് ഷമ്മാസിന് മറ്റ് ഉദ്ദേശങ്ങളാണ് ഉള്ളതെന്നും അദ്ദേഹത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയെന്നും ആസിഫ് പറഞ്ഞു. നിയമപരമായി ഇതിനെ നേരിടുമെന്നും കേസില്‍ നിന്ന് പിന്മാറാന്‍ മറ്റ് ആളുകള്‍ വഴി ഷമ്മാസ് ആവശ്യപ്പെട്ടെന്നും മുഹമ്മദ് ആസിഫ് ആരോപിച്ചു.

പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് ആരോപണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതിയില്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

Content Highlights: Carton India MD Mohammed Asif welcomes the vigilance probe into allegations involving PP Divya, denies financial irregularities in the Kannur District Panchayat contract, and offers ₹1 crore to KSU vice-president Mohammed Shammas if the allegations are proven

dot image
To advertise here,contact us
dot image