എന്താണ് സംഭവിക്കുന്നത്? PSC പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഭായി ഭായി കളിച്ചാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സൂക്ഷിച്ചോളൂ എന്നും സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ്

എന്താണ് സംഭവിക്കുന്നത്? PSC പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
dot image

കൊച്ചി: പിഎസ്‌സി ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം. അന്വേഷണത്തില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്താണ് സംഭവിക്കുന്നതെന്നാണ് ചോദിച്ചത്.

പ്രതികളെ പിടികൂടുന്നില്ല എങ്കില്‍ അന്വേഷണം നടക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്താണെന്ന് ചോദിച്ച കോടതി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഭായി ഭായി കളിച്ചാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും സൂക്ഷിച്ചോളൂ എന്നും സര്‍ക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഒത്തുകളിച്ചാല്‍ മൂന്നാമതൊരു കൂട്ടര്‍ കടന്നു വരാന്‍ ഇടയാകും. വേണമെങ്കില്‍ ജനങ്ങളുടെ വികാരം മനസിലാക്കിക്കോളൂ എന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നായിരുന്നു പിഎസ്‌സിയുടെ വാദം.

പ്ലാനിങ് ബോര്‍ഡിലേക്ക് നടന്ന പരീക്ഷയിലെ ക്രമക്കേടില്‍ 58 ചോദ്യങ്ങളിലെ മൂല്യനിര്‍ണയത്തിലെ വീഴ്ച സംഭവിച്ചത് ഗുരുതരമാണെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മൂല്യനിര്‍ണ്ണയം നടത്താത്തത് ഗുരുതര വീഴ്ചയാണ്. പിഎസ്സി നടത്തിയത് പ്രത്യക്ഷത്തില്‍ തന്നെ അഴിമതിയാണെന്നും ഹൈക്കോടതിയുടെ ഗുരുതര വിമര്‍ശനമുണ്ട്. അഴിമതി നിരോധനനിയമത്തിലെ 17 എ പ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതി സൗകര്യാനുസരണമാണ് വ്യാഖ്യാനിക്കുന്നതെന്ന് കോടതി പറഞ്ഞിരുന്നു.

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മൂല്യ നിര്‍ണയ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്താണ് സംസ്ഥാന പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. പ്ലാനിങ് ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേട് അടക്കമുള്ളവയിലെ ക്രമക്കേടുകള്‍ പരാതിയായി സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ അതില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലെ ക്രമക്കേടില്‍ പ്രഥമികമായി തെളിവ് ശേഖരിച്ചതിന് പിന്നാലെയാണ് എഫ്ഐആര്‍ അടക്കം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതിന്റെ മുന്നോട്ട് പോക്കില്‍ വലിയ വെല്ലുവിളിയായത് പിഎസ്സി അംഗങ്ങളുടെ നിലപാടാണ്. അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ക്രൈംബാഞ്ച് ഓഫീസിലേക്ക് നേരിട്ടെത്തില്ലെന്നായിരുന്നു ഇവര്‍ മറുപടി നല്‍കിയത്. പിഎസ്സി ആസ്ഥാനത്തെത്തിയാല്‍ മൊഴി നല്‍കാമെന്നായിരുന്നു അംഗങ്ങളുടെ നിലപാട്.

Content Highlights: The Kerala High Court has strongly criticised the government over alleged irregularities in PSC examinations, raising concerns about the recruitment process.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us