

തിരുവനന്തപുരം: എസ്എംഎ വിവാദത്തിലുള്‍പ്പെട്ട മരുന്ന് കമ്പനി നാറ്റ്കോ എസ്എടിക്ക് നല്കിയ സിഎസ്ആര്‍ ഫണ്ട് 25 ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് വിവരം. പണം ലഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും അറ്റകുറ്റപണികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. എസ്എടിയിലെ 14ാം വാര്‍ഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കാനെന്ന് പറഞ്ഞാണ് ഫണ്ട് ചോദിച്ച് വാങ്ങിയത്. പൊതുമരാമത്ത് വകുപ്പാണ് ടെന്‍ഡര്‍ വിളിച്ച് അറ്റകുറ്റപണികള്‍ നടത്തേണ്ടതെന്നിരിക്കെയാണ് ഈ അലംഭാവം.
2026 മാര്‍ച്ച് 25 നാണ് എസ്എടി സൂപ്രണ്ട് സിഎസ്ആര്‍ ഫണ്ട് 80 ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് നാറ്റ്കോ കമ്പനിക്ക് കത്ത് നല്‍കിയത്. എസ്എടിയുടെ പതിനാലാം വാര്‍ഡ് ശോചനീയാവസ്ഥയിലാണെന്നും അത് അറ്റകുറ്റപ്പണി നടത്താനാണ് ഫണ്ട് ആവശ്യപ്പെടുന്നതെന്നുമായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് എട്ടിന് നാറ്റ്കോയുടെ അക്കൗണ്ടില്‍ നിന്ന് എസ്എടിയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ എത്തിയിട്ടുമുണ്ട്. അടിയന്തരമായ പണികള്‍ ചെയ്യുന്നതിന് വേണ്ടിയാണെന്ന് കാട്ടി ആയിരുന്നു പണം ചോദിച്ച് വങ്ങിയത് എന്നതാണ് പ്രധാനം.
25 ലക്ഷം എത്തി രണ്ട് മാസം പിന്നിട്ടിട്ടും പണികള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആയിട്ടില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സാധാരണ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് അവര്‍ ടെന്‍ഡര്‍ വിളിച്ച് പണികള്‍ നടത്തുന്നതാണ് രീതി. അത്തരത്തില്‍ ഒരു നടപടി ക്രമത്തിലേക്കും പോയിട്ടില്ല എന്നതാണ് ഏറ്റവും ഗൗരവം. ഇപ്പോഴും 25 ലക്ഷം രൂപ അനക്കമില്ലാതെ എസ്എടി അക്കൗണ്ടില്‍ കിടക്കുകയാണ്.
Content Highlights: The ₹25 lakh corporate social responsibility fund provided by Natco to SAT Hospital for urgent repairs remains unspent, according to available information. Two and a half months after the money was received, even the preliminary work has reportedly not begun. The fund was sought to address the poor condition of Ward 14. The Public Works Department is responsible for inviting tenders and carrying out the repair work.