

കണ്ണൂര്‍: കണ്ണൂരില്‍ വീണ ജോര്‍ജിന് എതിരെ കെഎസ്യു നടത്തിയ പ്രതിഷേധത്തില്‍ ഗണ്‍മാന്റെ പുതിയ മൊഴി പുറത്ത് വന്നതിന് പിന്നാലെ വീണ ജോര്‍ജിനും ഗണ്‍മാനും എതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. കെഎസ്യു നല്കിയ പരാതിയില്‍ വീണ ജോര്‍ജിന് എതിരെ കേസ് എടുത്തേക്കുമെന്നാണ് വിവരം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമം നടത്തുന്നത്. ഗണ്മാന് എതിരെ നടപടിക്കും ആഭ്യന്തര വകുപ്പില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. ഗണ്മാന് അഭിലാഷിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വിവരവും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വീണാ ജോര്‍ജിന് എതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി കെഎസ്യു പരാതിയില്‍ ആരോപിച്ചിരുന്നു. കള്ളമൊഴി നല്കാന് വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചു. വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്യു ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെഎസ്യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടെന്ന് ഗണ്മാന് അഭിലാഷ് എസ്ഐടിക്ക് നല്കിയ പുതിയ മൊഴിയാണ് ഇന്നലെ പുറത്തുവന്നത്. വീണയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസാണിത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന് നല്കിയ പരാതിയിലായിരുന്നു നടപടി. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്യു ആരോപിച്ചിരുന്നു. ഇതിലടക്കമാണ് അന്വേഷണം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: The Kerala government is reportedly considering action against Veena George and her gunman Abhilash following a fresh statement in connection with the KSU protest in Kannur. A case may be registered against Veena George based on the complaint submitted by KSU to the DGP, while Abhilash could face suspension. The Home Department is reportedly examining the allegations of misleading the public, and Home Minister Ramesh Chennithala has directed officials to speed up the proceedings.