ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ്: ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍, ഒരാഴ്ച കൊണ്ട് ഉത്തരവ്;രേഖകള്‍ റിപ്പോർട്ടറിന്

ഫയല്‍ ആരോഗ്യമന്ത്രി കാണും മുമ്പ് മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒമ്പത് ഉദ്യോഗസ്ഥര്‍ കണ്ടശേഷം പത്താമതായാണ് ആരോഗ്യമന്ത്രിയുടെ അടുത്ത് ഫയല്‍ എത്തുന്നത്

ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ്: ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍, ഒരാഴ്ച കൊണ്ട് ഉത്തരവ്;രേഖകള്‍ റിപ്പോർട്ടറിന്
dot image

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കവെ ആരോഗ്യവകുപ്പിലെ ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തിന്റെ ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍. ഫയല്‍ ഓപ്പണ്‍ ചെയ്ത് ഒരാഴ്ച കൊണ്ടാണ് ഉത്തരവിറങ്ങിയത്. ഇത് വ്യക്താമാകുന്ന രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഫയല്‍ ആരോഗ്യമന്ത്രി കാണും മുമ്പ് മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒമ്പത് ഉദ്യോഗസ്ഥര്‍ കണ്ടശേഷം പത്താമതായാണ് ആരോഗ്യമന്ത്രിയുടെ അടുത്ത് ഫയല്‍ എത്തുന്നത്. സെപ്റ്റംബര്‍ 29നായിരുന്നു ടാസ്‌ക് ഫോഴ്‌സ് സംബന്ധിച്ച ഫയല്‍ ഓപ്പണ്‍ ചെയ്തത്. ഈ ദിവസം തന്നെ മൂന്ന് ഉദ്യോഗസ്ഥരിലൂടെ ഫയല്‍ കടന്നുപോയി. അതേദിവസം തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്കും കൈമാറി. ഒക്ടോബര്‍ അഞ്ചിന് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചു. അന്നേദിവസം തന്നെ ഫയല്‍ മുഖ്യമന്ത്രിയില്‍ നിന്ന് വീണ്ടും ചീഫ് സെക്രട്ടറിയിലേക്ക് എത്തി.

ഒക്ടോബര്‍ ആറിനാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ഫയല്‍ ആരോഗ്യമന്ത്രിക്ക് അയച്ചത്. ഇതിന് പിറ്റേന്ന് ആരോഗ്യമന്ത്രിയില്‍ നിന്ന് ഫയല്‍ വീണ്ടും മുഖ്യമന്ത്രിയിലേക്ക് എത്തി. പിന്നാലെ ഒക്ടോബര്‍ ഏഴിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ഉത്തരവിറങ്ങുകയായിരുന്നു. ഫയല്‍ ഓപ്പണ്‍ ചെയ്തശേഷം ഉത്തരവിറങ്ങാന്‍ ഒരാഴ്ച മാത്രമാണ് എടുത്തതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ആരോഗ്യമേഖലയിലെ കച്ചവട നീക്കത്തിന്റെ ഭാഗമായാണോ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് ആക്ഷേപം ശക്തമായിരുന്നു. ആരോഗ്യമേഖലയിലെ സമഗ്ര മാറ്റത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. എന്നാല്‍ 16 അംഗ സമിതിയിലെ കൂടുതല്‍ അംഗങ്ങളും വന്‍കിയ കോര്‍പ്പറേറ്റ് സ്ഥാപന ഉടമകളാണെന്ന വിവരം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സമിതിയില്‍ വന്‍കിട സ്വകാര്യ ലാബ് മുതലാളിയും സ്വകാര്യ ആശുപത്രി വ്യവസായികളും അംഗങ്ങളായുള്ളപ്പോള്‍, പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനമുണ്ട്.

12 അംഗങ്ങളില്‍ പലരും അഴിമതി ആരോപണം ഉള്‍പ്പടെ നേരിടുന്നവരാണെന്നതാണ് മറ്റൊരു വസ്തുത. കച്ചവട താല്‍പ്പര്യം മാത്രമാണ് സമിതിയുടെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരിരുന്നു. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററുമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കറും സമിതിയിലുണ്ട്.

Content Highlights: Documents obtained by Reporter reveal that files related to the Kerala Health Department task force moved rapidly, with an order issued within a week.

dot image
To advertise here,contact us
dot image