

തിരുവനന്തപുരം: കോവളം സ്പാ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാത്ത ആളാണെന്ന കാര്യം മുഖ്യപ്രതിയായ സ്പാ ഉടമയ്ക്ക് അറിയാമായിരുന്നു എന്നാണ് കണ്ടെത്തല്‍. തിരിച്ചറിയല്‍ പരേഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അനുരൂപിനെ പീഡിപ്പിക്കപ്പെട്ട 16 കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പായുടെ നിയന്ത്രണം അനുരൂപിനായിരുന്നെന്നും ഉന്നതരെ സാപായിലേക്ക് എത്തിച്ചിരുന്നത് ഇയാള്‍ ആയിരുന്നെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് വിലയിട്ടതും, ഇടനിലക്കാര്‍ക്ക് കമ്മിഷന് തീരുമാനിച്ചതും അനുരൂപാണ്. ഇയാള്‍ക്ക് നിരവധി സ്പാ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറും സ്പാ ഉടമയുമായ അനുരൂപിനെതിരെ കൂടുതല്‍ കണ്ടെത്തല്‍ ഉണ്ടെന്നാണ് വിവരം, അനുരൂപിന് വരവില്‍ കവിഞ്ഞ സ്വത്തും ഉന്നത ബന്ധവും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നതര്‍ കോവളം സ്പായിലെ സ്ഥിരം സന്ദര്‍ശകരാണ്. സ്പാ നടത്തിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സന്ദര്‍ശക പട്ടികയിലെ ഉന്നതരില്‍ ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. സാമ്പത്തിക കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാണ് പൊലീസ് നീക്കം നടത്തുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം ആന്ധ്രയിലേക്ക് പോകും എന്നും അറിയിച്ചിട്ടുണ്ട്. സ്പായില്‍ കുട്ടി എത്താന്‍ ഉണ്ടായ സാഹചര്യം, ഇടനിലക്കാര്‍ എന്നിവയില്‍ അന്വേഷണം നടത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
അതിനിടെ കോവളം സ്പായിലെ ക്രൂരപീഡനത്തിന് പിന്നാലെ സ്പാകള്‍ നിയന്ത്രിക്കാനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. സ്പാകള്ക്കായി പുതിയ ബൈലോ തയ്യാറാക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം. നിലവിലെ ബൈലോ കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍. സ്പാ നടത്തിപ്പില്‍ കൃത്യമായ മാനദണ്ഡം പുറത്തിറക്കും. ക്രോസ് മസാജിങ്, ബോഡി ടു ബോഡി മസാജിങ് എന്നിവ ഉണ്ടെങ്കില്‍ പൂട്ടിക്കുമെന്നാണ് കോര്പ്പറേഷന് അറിയിച്ചിരിക്കുന്നത്. സ്പാകള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മറ്റ് വ്യവഹാരങ്ങളില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ പുറത്താക്കുമെന്ന മുന്നറിയിപ്പും കോര്പ്പറേഷന് നല്‍കിയിട്ടുണ്ട്. പൊലീസിന് വിവരം ലഭിച്ചത് മുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. പൊലീസ് കോര്‍പ്പറേഷനുമായി നിരന്തര സമ്പര്‍ക്കത്തില്‍ ആയിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
നിയമ വിരുദ്ധ സ്പാകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യാഗസ്ഥര്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടി ഉണ്ടാകും. അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പരിശോധന നടക്കുന്നുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: The investigation into the Kovalam spa case has reportedly found that the main accused knew the girl was 16 years old. The survivor identified health inspector Anuroop during an identification parade. Investigators allege that he controlled the spa, brought influential people to the establishment, and decided the amount assigned to the girl and commissions for intermediaries. Police have also found that he had links with several spas.