

തിരുവനന്തപുരം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഇ എന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ വനിതാ നേതാക്കള്‍. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. കെ കെ ശൈലജ, പി കെ ശ്രീമതി, സി എസ് സുജാത തുടങ്ങിയ നേതാക്കളാണ് നടപടി ആവശ്യം ഉന്നയിക്കുന്നത്. ഇന്ന് മുതല്‍ ചേരുന്ന സംസ്ഥാന നേതൃയോഗം വിഷയം പരിഗണിക്കും എന്നാണ് വിവരം. ഇന്ന് മുതലാണ് മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. ഇ എന്‍ സുരേഷ് ബാബുവിനെതിരെ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്ന് വരുന്ന പരാതിയില്‍ നിജസ്ഥിതി ഉണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കണം എന്നാണ് വനിതാ നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം.
പി കെ ശ്രിമതി അടക്കമുള്ള നേതാക്കള്‍ പല തവണ പരോക്ഷമായി തന്നെ കടുത്ത നടപടി വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയാകുമ്പോള്‍ കൃത്യമായി നിലപാട് പറയും എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞിരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെ സുരേഷ് ബാബുവിനെതിരായ നടപടിയില്‍ തീരുമാനം എടുക്കണമെന്നും സംസ്ഥാനകമ്മിറ്റിയില്‍ അംഗീകരിക്കണമെന്നുമാണ് വനിതാ നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി എന്നത് മാത്രമാണ് ആരോപണമായി ഉയര്‍ന്ന പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവിന്റെ പാരാതിയില്‍ എടുത്തിരിക്കുന്ന ഏക നടപടി. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ സുരേഷ് ബാബു. ഇത്തരത്തില്‍ ഉയര്‍ന്ന പാര്‍ട്ടി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്കെതിരെ ഒരു പരാതി ഉയര്‍ന്ന് വരുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മാത്രം പോര എന്നതാണ് വനിതാ നേതാക്കളുടെ നിലപാട്.
ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തിയതിന് ശേഷം തുടര്‍ നടപടി എന്നായിരുന്നു സംസ്ഥാന നേതൃത്വം വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ വനിതാ നേതാക്കള്‍ ഒന്നടങ്കം നടപടി ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍ പാര്‍ട്ടിക്ക് കര്‍ശന നടപടിയിലേക്ക് പോകേണ്ടി വരും എന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയില്‍ നിന്നടക്കം സുരേഷ് ബാബുവിനെ മാറ്റി നിര്‍ത്തുന്നതിലേക്ക് തീരുമാനം ഉണ്ടാകണം എന്ന ആവശ്യമാകും നേതാക്കള്‍ ഉന്നയിക്കുക. അതേസമയം സുരേഷ് ബാബുവിനെതിരെ ഏതെങ്കിലും പരാതി കിട്ടിയതായി എം വി ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി എന്നാണ് ഇപ്പോഴും സ്വീകരിക്കുന്ന നിലപാട്. ഇതിന് പുറമേ ഒരു നിലപാട് സ്വീകരിച്ചാല്‍ അത് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കും എന്നതാണ് പ്രതിസന്ധി.
Content Highlights: CPM women leaders, including KK Shailaja, PK Sreemathy and CS Sujatha, have reportedly urged the state leadership to take strict action against former Palakkad district secretary EN Suresh Babu if the complaints against him are found to be true. The leaders have conveyed their demand to the state leadership. The issue is expected to be considered during the three-day CPM state secretariat meeting beginning today.