

സിംബാബ്വെയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് അടിച്ചുകൂട്ടിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വികാരാധീനയായി. തന്റെ കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഹര്മന്പ്രീതിനായിരുന്നില്ല. വനിതാ ടി20 ഏഷ്യന്‍ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ഈ വലങ്കയ്യന്‍ ബാറ്റര്‍ക്ക് ബാറ്റ് കൊണ്ട് വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യ അനായാസം കിരീടം ചൂടിയിരുന്നു.
'വളരെ സന്തോഷം തോന്നുന്നു. കളി ആസ്വദിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. മൈതാനത്ത് കുറച്ച് സമയം ചെലവഴിക്കാനും കളി ശരിക്കും ആസ്വദിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്' -ഹര്‍മന്‍പ്രീത് പറഞ്ഞു. സിംബാബ്വെയ്ക്കെതിരായ ആഭ്യന്തര ടി20 പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് 37-കാരിയായ ഹര്‍മന്‍പ്രീത് എല്ലാ ഫോര്‍മാറ്റുകളിലെയും ഇന്ത്യയുടെ നായികസ്ഥാനത്ത് നിന്ന് പടികളിറങ്ങിയത്. മത്സരത്തിനിടെ സംസാരിക്കവെ അവര്‍ക്ക് തന്റെ കണ്ണീര് അടക്കാനായില്ല.
ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ഹെഡ് കോച്ച് കൂടിയായ ഡബ്ല്യു.വി. രാമന് ഹര്‍മന്‍പ്രീതുമായി സംസാരിക്കുമ്പോഴായിരുന്നു താരം വികാരാധീനയായത്. 'എനിക്ക് എന്റെ കളി ആസ്വദിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. പരമാവധി സമയം ബാറ്റ് ചെയ്യണം എന്ന് മാത്രമായിരുന്നു ആഗ്രഹം, അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന്റെ ക്രെഡിറ്റ് ഞാന്‍ നിങ്ങള്‍ക്കും (ഡബ്ല്യു.വി. രാമന്) നല്‍കണം എന്ന് കരുതുന്നു. നമ്മള് ഇവിടെ വന്ന നിമിഷം തന്നെ നിങ്ങള്‍ ഇടപെട്ട് എന്നോട് പറഞ്ഞു, 'ഇനി നിനക്ക് ചെയ്യാന്‍ തോന്നുന്നത് നീ ചെയ്യൂ' എന്ന്. അതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും, കളി ശരിക്കും ആസ്വദിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ വാക്കുകള്‍ക്ക് നന്ദി' -ഡബ്ല്യു.വി. രാമനോടായി ഹര്‍മന്‍പ്രീത് പറഞ്ഞു.
10 ഫോറുകളും 5 സിക്സറുകളും അടക്കം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും മികച്ച ഷോട്ടുകള്‍ പയിച്ച ഈ വലങ്കയ്യന്‍ ബാറ്റര്‍ താന്‍ നെറ്റ്സില്‍ നടത്തിയ കഠിനാധ്വാനത്തിനും നന്ദി അറിയിച്ചു. 'ഏഷ്യന്‍ ഗെയിംസിന് ശേഷം നെറ്റ്സില്‍ സമയം ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. ബാറ്റിംഗ് കോച്ചായ ഹിമാന്‍ഷു ഭയ്യയോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. അദ്ദേഹം എനിക്കായി ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഇന്നത്തെ ബാറ്റിംഗ് പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്' -ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 92 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഹര്‍മന്‍പ്രീത് കൗറിന്റെയും ഷഫാലി വര്‍മയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ 10 ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 91 റണ്‍സുമായി ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നു. 37 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം ഷഫാലി 69 റണ്‍സെടുത്തു. സിംബാബ്വെ ബൗളിങ്ങില്‍ ബെലവ്ഡ് ബിസ മൂന്ന് വിക്കറ്റ് വീഴ്ത്തി. 217 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് വേണ്ടി മയേഴ്സ് 49 പന്തില്‍ നാല് ഫോറും നാല് സിക്സും ഉള്‍പ്പെടെ 60 റണ്‍സെടുത്തു. ബിസ 50 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 44 റണ്‍സും നേടി. ഇരുവരും പുറത്തായതോടെ സിംബാബ്വെയുടെ വിജയപ്രതീക്ഷ അവസാനിച്ചു.
content highlights: Emotional Harmanpreet Kaur Breaks Down in Tears After Match