'അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം'; ഇ എന്‍ സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി

ചിറ്റൂരിലെ സഹകരണ സ്ഥാപനങ്ങളില്‍ ബിനാമി പേരിലും അനധികൃതമായും പണം നിക്ഷേപിച്ചത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു

'അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം'; ഇ എന്‍ സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി
dot image

പാലക്കാട്: സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് എതിരെ വിജിലന്‍സില്‍ പരാതി. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി. പട്ടാമ്പി സ്വദേശി വി മുസ്തഫയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ചിറ്റൂരിലെ സഹകരണ സ്ഥാപനങ്ങളില്‍ ബിനാമി പേരിലും അനധികൃതമായും പണം നിക്ഷേപിച്ചത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ചിറ്റൂര്‍ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂര്‍ താലൂക്ക് പ്രവാസി ക്ഷേമസഹകരണ സംഘം, പാലക്കാട് ജില്ലാ എഞ്ചിനീയറിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ വ്യാജ പേരുകളില്‍ നിക്ഷേപം ഉണ്ടെന്നാണ് പരാതി.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയിരുന്നു. ഒരു വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പുറത്ത് വന്ന വിവരം. സുരേഷ് ബാബു മോശമായി പെരുമാറിയെന്ന് യുവതി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പരാതി ചര്‍ച്ചയ്ക്ക് എടുത്തതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു.

മുന്‍ എംഎല്‍എ വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ സുരേഷ് ബാബു തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം.

അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. തുടര്‍നടപടികള്‍ പരാതികള്‍ പരിശോധിച്ച ശേഷമെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജില്ലയില്‍ നിന്നുള്ള കേന്ദ്ര, സംസ്ഥാന വനിതാ നേതാക്കള്‍ യുവതിയുടെ പീഡന പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ എന്‍ സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചത്.

Content Highlights: A complaint has been filed with the Vigilance Department against E N Suresh Babu, the former CPI(M) Palakkad district secretary

dot image
To advertise here,contact us
dot image