

ദുബായിൽ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് പുതിയ നിർദ്ദേശവുമായി അധികൃതർ. ഡ്രൈവിങ് പരീക്ഷയിൽ തടസ്സം നേരിട്ട ഉദ്യോഗാർത്ഥികൾ അടുത്ത ടെസ്റ്റ് തീയതി ബുക്ക് ചെയ്യുന്നതിന് മുൻപായി നിർബന്ധമായും അധിക പ്രാക്ടിക്കൽ ട്രെയിനിങ് സെഷനുകളിൽ പങ്കെടുക്കണമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റ് വീണ്ടും ബുക്ക് ചെയ്യുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) വെബ്സൈറ്റ് സന്ദർശിക്കുക. ‘Apply for Booking and Changing a Driving Test Appointment’ എന്ന സേവനം തിരയുക. ‘Start Service’ ക്ലിക്ക് ചെയ്യുക. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് വിവരങ്ങൾ അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക. ലേണിങ് പെർമിറ്റ് അപേക്ഷാ നമ്പറും ജനന തീയതിയും നൽകുക. പുതിയ ടെസ്റ്റ് തീയതി തിരഞ്ഞെടുത്ത് ഫീസ് അടയ്ക്കുക.
പണമടച്ചതിന്റെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും. അപ്പോയിന്റ്മെന്റ് സ്ഥിരീകരണം എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ ലഭിക്കുന്നതാണ്. ആർടിഎയുടെ അടിസ്ഥാന റോഡ് ടെസ്റ്റ് ഫീസ് 220 ദിർഹമാണ്. ഇതിൽ 200 ദിർഹം റോഡ് ടെസ്റ്റ് ഫീസും 20 ദിർഹം നോളജ് ആൻഡ് ഇന്നൊവേഷൻ ഫീസുമാണ്. ഇതിന് പുറമെ പ്രത്യേക ടെസ്റ്റ് സേവനങ്ങളും ലഭ്യമാണ്. വിഐപി ഡ്രൈവിങ് ടെസ്റ്റ്. ഇതിന് 2,620 ദിർഹമാണ് വരുന്നത്. പ്രത്യേക ഇൻസ്റ്റന്റ് ടെസ്റ്റിന് 420 ദിർഹമാണ്. എക്സ്ചേഞ്ച് ചെയ്യാനാവാത്ത ലൈസൻസുള്ള യോഗ്യരായ അപേക്ഷകർക്കും ഗോൾഡൻ ചാൻസ് റൂട്ട് ഉപയോഗിക്കുന്നവർക്കുമാണ് ഈ സേവനം ബാധകമെന്ന് നൽകിയ വിവരത്തിൽ വ്യക്തമാക്കുന്നു. ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടവർ നാല് റീട്രെയിനിങ് സെഷനുകളിൽ പങ്കെടുക്കണം. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈടാക്കുന്ന ഫീസ് നൽകേണ്ടിവരും. പരിശീലന ഫീസ് സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
പരിശീലന സെഷനുകൾ പൂർത്തിയാക്കിയ ശേഷം ഏകദേശം 14 പ്രവൃത്തിദിവസത്തിനുള്ളിൽ ടെസ്റ്റ് അപ്പോയിന്റ്മെന്റ് ലഭിക്കുമെന്നാണ് നൽകിയ വിവരം. ഡ്രൈവിങ് ടെസ്റ്റിന് നിശ്ചയിച്ച സമയത്തിന് കുറഞ്ഞത് 30 മിനിറ്റ് മുൻപെങ്കിലും ടെസ്റ്റ് കേന്ദ്രത്തിൽ എത്തിച്ചേരണം. ആവശ്യമായ രേഖകളും ലേണിങ് പെർമിറ്റും കൈവശമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
Content Highlights: Learners who fail the Dubai RTA road test must complete four additional training sessions before rebooking, with a standard retest fee of Dh220, excluding training charges.