

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരും. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്, എം സി രാഘവന് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍. സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
വിപുലീകൃത കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ വിമര്‍ശനമുണ്ടായിരുന്നു. എക്സാലോജിക് കേസില്‍ പിണറായി വിജയന് യഥാസമയം പ്രതികരിക്കാത്തത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായാണ് വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് ഈ വിഷയം പ്രതിനിധികള്‍ ഉയര്‍ത്തിയത്.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ട്. പാര്‍ട്ടി വോട്ടുകള്‍ നഷ്ടമാകുമെന്ന് മുന്‍കൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചര്‍ച്ചകള്‍ ഗൗരവത്തില്‍ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പയ്യന്നൂരില്‍ കണക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ട്. പാര്‍ട്ടി അംഗീകരിച്ച കണക്ക് പല അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പയ്യന്നൂരില്‍ വിഭാഗീയത തോല്‍വിക്ക് കാരണമായി. വിഭാഗീയത ഇല്ലാതാക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. ഐക്യത്തോടെ സംഘടനയെ നയിക്കുന്നതില്‍ പോരായ്മ വന്നു. വിഭാഗീയത പരിഹരിക്കാന്‍ ശക്തമായ നടപടി വേണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പിണറായി വിജയനാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്, പി കെ ശ്രീമതി, കെ കെ ശൈലജ, കെ എന്‍ ബാലഗോപാല്‍, പുത്തലത്ത് ദിനേശന്, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ജയരാജന്, എം വി ജയരാജന് അടക്കമുള്ള സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട നേതൃനിര വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തു.
Content Highlights: K K Ragesh will continue as the CPI(M) Kannur district secretary. K V Zakhir Hussain has been included in the party’s Kannur district secretariat. The announcement outlines the latest leadership arrangements within the CPI(M) district unit