

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16,000 റണ്‍സ് നേടുന്ന അഞ്ചാമത്തെ പാക് താരമായി മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് ഫോര്‍മാറ്റിലുമായാണ് ഈ നേട്ടം.
ശ്രീലങ്കക്കെതിരായ പോരിനിറങ്ങുമ്പോള്‍ 15,993 റണ്‍സായിരുന്നു ബാബറിന്റെ സമ്പാദ്യം. മത്സരത്തില്‍ ബാബര്‍ 45 റണ്‍സെടുത്തു. 2015ല്‍ പാക് ടീമില്‍ അരങ്ങേറിയ ബാബര്‍ ശ്രീലങ്കക്കെതിരെ 355ാം അന്താരാഷ്ട്ര പോരാട്ടത്തിലാണ് കളിക്കാനിറങ്ങിയത്.
ഇതിഹാസങ്ങളായ ഇന്‍സമാം ഉള്‍ ഹഖ്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ്, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് ബാബറിനു മുന്‍പ് 16,000 റണ്‍സ് നേടിയ പാക് താരങ്ങള്‍.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. സച്ചിന്‍ 34,357 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. താരത്തിന് 28,527 റണ്‍സ്.
Content Highlights: babar azam 16000 international runs record