സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും

ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീലും ബെഞ്ച് പരിഗണിക്കും

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും
dot image

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയൻ്റെ അപ്പീലിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേൾക്കും. വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക. ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീലും ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചയാണ് പിണറായി വിജയൻ ഇ ഡിക്ക് മുന്നിൽ ഹാജരാകേണ്ടത്.

82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലിൽ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ചിനു മുന്നിലുള്ള ഹര്‍ജിയില്‍ തങ്ങളെ കക്ഷി ചേര്‍ത്തിരുന്നില്ലെന്നും പിണറായി വിജയനും പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി. തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒരു ഉത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. അപ്പീല്‍ നല്‍കുന്നവര്‍ക്ക് നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദമുയര്‍ത്തുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രതിയാക്കപ്പെടാന്‍ സാധ്യതയുള്ളയാള്‍ക്ക് കേള്‍ക്കപ്പെടാനുള്ള അവകാശമില്ലെന്ന് കാണിച്ച് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത് തെറ്റായ മാനദണ്ഡം ഉപയോഗിച്ചാണ്. അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അനുമതി പരിഗണിക്കുന്ന ഘട്ടത്തില്‍ തന്നെ കേസിന്റെ മെറിറ്റിലേക്ക് കടന്ന് അന്തിമതീര്‍പ്പ് കല്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നതാണ് അപ്പീലിലെ മറ്റൊരു വാദം.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 175 (4) വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുന്‍പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും പ്രസ്തുത പൊതുപ്രവര്‍ത്തകന്റെ ഭാഗവും കേള്‍ക്കേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പൊതുപ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എഫ്‌ഐആര്‍ റദ്ദാക്കാനുള്ള വഴി മതിയായ പരിഹാരമല്ല. ഹൈക്കോടതി ഉത്തരവ് അടിസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം തെറ്റാണ്. ഇ ഡി കൈമാറിയ വിവരങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കാനുള്ള നടപടി ഫലശൂന്യമായി മാറും. ഉത്തരവ് അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടു മാത്രം അപ്പീല്‍ അപ്രസക്തമാകില്ല. സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര സര്‍ക്കാര്‍ കമ്പനി നിയമപ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറിയിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ടും പരാതിയും കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കമ്പനി നിയമ പ്രകാരം ഒരു കേസ് എസ്എഫ്ഐഒ അന്വേഷിക്കുമ്പോള്‍, സംസ്ഥാന പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ അതേ ഇടപാടുകളില്‍ അന്വേഷണം നടത്താന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.

Content Highlights: cmrl exalogic case supreme court to hear pinarayi vijayan appeal on october twenty one

dot image
To advertise here,contact us
dot image