നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്‌റെയും സജിതയുടെയും മക്കൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും; രമേശ് ചെന്നിത്തല

തുടര്‍പഠനത്തിനും ജീവിതത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി ഈ മക്കള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്‌റെയും സജിതയുടെയും മക്കൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും; രമേശ് ചെന്നിത്തല
dot image

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഖിലയെയും അതുല്യയെയും നേരിട്ട് കണ്ടെന്നും അഖിലയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തുടര്‍പഠനത്തിനും ജീവിതത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി ഈ മക്കള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വളരെ ന്യായമായ കാര്യമാണെന്നും ഇക്കാര്യത്തിലൊരു നടപടിയെടുക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

നെന്മാറ പോത്തുണ്ടിയില്‍ അച്ഛനും അമ്മയും അച്ഛമ്മയും ക്രൂരമായി കൊല്ലപ്പെട്ട അഖിലയെയും അതുല്യയെയും ഇന്ന് കണ്ടു സംസാരിച്ചു. ഒരു കുടുംബത്തെയാകെ തകര്‍ത്തുകളഞ്ഞ ദുരന്തം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഈ കുട്ടികള്‍ ഇനിയും മുക്തരായിട്ടില്ല. അവര്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ആര്‍ക്കും തിരികെ നല്‍കാനാകില്ല; എന്നാല്‍ ജീവിതത്തില്‍ അവര്‍ തനിച്ചല്ലെന്ന ബോധ്യവും സുരക്ഷിതമായ ഒരു ഭാവിയും ഉറപ്പാക്കേണ്ടതുണ്ട്. അഖിലയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍പഠനത്തിനും ജീവിതത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി ഈ മക്കള്‍ക്കൊപ്പം ഉണ്ടാകും.


സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതി കോടതി വധശിക്ഷ വിധിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ചെന്താമര 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചിരുന്നു. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.

2025 ജനുവരിയിലായിരുന്നു നെന്മാറയില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയേയും ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അരുംകൊല. സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ തിരഞ്ഞ ശേഷമായിരുന്നു പൊലീസിന് പിടികൂടാനായത്.

Content Highlights: Nenmara Pothundi Sudhakaran Sajitha Children Secure Future Assurance

dot image
To advertise here,contact us
dot image