

കൊച്ചി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) ഭാഗമായി കേരളത്തിൽ നിന്നുള്ള ആദ്യ കയറ്റുമതി ചരക്ക് കൊച്ചി തുറമുഖത്ത് നിന്ന് പുറപ്പെട്ടു. കേരളത്തിൽ നിന്ന് സംഭരിച്ച വിവിധ സുഗന്ധവ്യഞ്ജനങ്ങളാണ് ന്യൂസിലൻഡിലേക്ക് അയച്ചത്. വിദേശ വ്യാപാര ജോയിന്റ് ഡയറക്ടറേറ്റ് ജനറലിന്റെ (ഡി.ജി.എഫ്.ടി) കൊച്ചി ഓഫീസിന്റെ നേതൃത്വത്തിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ചരക്ക് കയറ്റുമതി നടത്തിയത്. കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് രാജ്യത്തുനിന്ന് അയച്ച ആദ്യത്തെ ഏതാനും ചരക്കുകളിൽ ഒന്നാണിത്. 2026 ഏപ്രിൽ 27-ന് ഒപ്പുവെക്കുകയും സെപ്റ്റംബർ 21-ന് ഇരു രാജ്യങ്ങളും അംഗീകരിക്കുകയും ചെയ്ത സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 20 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
ന്യൂസിലൻഡ് വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം നിലവിൽ 1.5% മാത്രമാണെന്നും പുതിയ കരാറിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കേരളത്തിന് വൻ സാധ്യതകളാണുള്ളതെന്നും കസ്റ്റംസ് കമ്മീഷണർ ടി. ടിജു പറഞ്ഞു. ഈ വ്യാപാര കരാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ വിപണി വിഹിതം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വിദേശ വ്യാപാര ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹസൻ ഉസൈദ് എൻ.എ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (FIEO) അസിസ്റ്റന്റ് ഡയറക്ടർ രാജീവ് എം.സി, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, കസ്റ്റംസ്, ഡി.ജി.എഫ്.ടി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സിന്തൈറ്റ് പ്രതിനിധികളും പങ്കെടുത്തു.
Content Highlights: Kerala has dispatched its first spice consignment to New Zealand under the India–New Zealand Free Trade Agreement. Synthite Industries shipped the consignment from Kochi ahead of the agreement’s implementation on October 20, 2026. The trade pact is expected to improve market access for Indian exporters and create fresh opportunities for Kerala’s spice and food-processing industries.