എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം: എം ലിജു

എൽഡിഎഫ് സർക്കാരിൽ നിന്ന് വിഭിന്നമായിരിക്കും യുഡിഎഫിന്റെ മദ്യനയമെന്ന് എക്സൈസ് മന്ത്രി എം ലിജു

എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം: എം ലിജു
dot image

ആലപ്പുഴ: എൽഡിഎഫ് സർക്കാരിൽ നിന്ന് വിഭിന്നമായിരിക്കും യുഡിഎഫിന്റെ മദ്യനയമെന്ന് എക്സൈസ് മന്ത്രി എം ലിജു. മദ്യനയം സംബന്ധിച്ച പ്രാരംഭ നടപടികൾ പൂർത്തിയായെന്നും മദ്യനയ പ്രഖ്യാപനം നവംബറിൽ ഉണ്ടാകുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

എൽഡിഎഫിൻ്റെ മദ്യനയം സമൂഹത്തിന് യോജിച്ചതല്ലെന്നും എക്സൈസ് മന്ത്രി. ഹോർട്ടി വൈൻ വില്പന അനുമതി പോലും അതിന്റെ പരിണിത ഫലമാണെന്നും എം ലിജു കുറ്റപ്പെടുത്തി. ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് അബ്കാരി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഭിപ്രായം ആരായണമായിരുന്നുവെന്നും എം ലിജു. സർക്കാരിനെ ഇത് എന്തുകൊണ്ടു മറച്ചുവച്ചുവെന്ന് ചോദിച്ച എം ലിിജു ഉദ്യോഗസ്ഥർ അത് രഹസ്യമായി സൂക്ഷിച്ചുവെന്നും കുറ്റപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് ഹോർട്ടി വൈൻ വിൽപ്പന അനുമതി വാർത്ത അറിയുന്നതെന്നും എം ലിജു വ്യക്തമാക്കി. എം ബി രാജേഷ് ആണ് ഹോർട്ടി വൈൻ നിയമം ഉണ്ടാക്കിയതെന്നും എക്സൈസ് വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചു. ലൈസൻസ് കൊടുത്ത ശേഷം അദ്ദേഹം മലക്കം മറിഞ്ഞു. എം ബി രാജേഷിന്റെ ചട്ടം അനുസരിച്ചാണ് ലൈസൻസ് കൊടുത്തത്. എം ബി രാജേഷിന്റെ കാലത്തെ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും ഉള്ളത്. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും എം ലിജു മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർക്ക് ഇടത് വിഭ്രാന്തിയാണെന്നും ഉദ്യോഗസ്ഥർ അല്ല സർക്കാരിന്റെ മദ്യ നയം തീരുമാനിക്കുന്നതെന്നും എം ലിജു വ്യക്തമാക്കി.

ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നേരത്തെ എക്സൈസ് വകുപ്പ് റദ്ദാക്കിയിരുന്നു. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാനും എക്സൈസ് കമ്മീഷണർക്ക് വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശം നൽകിയിരുന്നു. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

ഹോർട്ടി വൈൻ വിൽക്കാൻ ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനും നേരത്തെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു.

Content Highlights: Congress leader M Liju said government officials must understand that the UDF government is not a continuation of the previous LDF government

dot image
To advertise here,contact us
dot image