യുഎഇയിൽ എൽ നിനോ സ്വാധീനം 2027 മാർച്ച് വരെ തുടർന്നേക്കും; മഴയിലും താപനിലയിലും മാറ്റങ്ങൾക്ക് സാധ്യത

ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും പ്രതിഭാസം ഏറ്റവും ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്

യുഎഇയിൽ എൽ നിനോ സ്വാധീനം 2027 മാർച്ച് വരെ തുടർന്നേക്കും; മഴയിലും താപനിലയിലും മാറ്റങ്ങൾക്ക് സാധ്യത
dot image

യുഎഇയിൽ എൽ നിനോ പ്രതിഭാസം 2027 ഫെബ്രുവരി വരെ തുടർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി രാജ്യത്തെ താപനിലയിലും മഴയുടെ അളവിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനമനുസരിച്ച് 2027 മാർച്ച് വരെ എൽ നിനോ സാഹചര്യം തുടരാൻ 96 ശതമാനം സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി യുഎഇയിലെ താപനിലയും മഴയുടെ അളവും സാധാരണ ശരാശരിയെക്കാൾ കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും പ്രതിഭാസം ഏറ്റവും ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ നിനോ 3.4 സൂചിക ഏകദേശം +3 ഡിഗ്രി സെൽഷ്യസിലെത്താനും സാധ്യതയുണ്ട്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഉഷ്ണമേഖലാ മേഖലയിൽ സമുദ്രോപരിതല താപനിലയിലും അന്തരീക്ഷത്തിലെ വായുസഞ്ചാരത്തിലും ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. എൽ നിനോ–സതേൺ ഓസിലേഷൻ (ENSO) എന്ന കാലാവസ്ഥാ സംവിധാനത്തിന്റെ ചൂടേറിയ ഘട്ടമാണിത്. മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ ചൂടുപിടിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകാം. പസഫിക് സമുദ്രത്തിലെ നിർണായക മേഖലയിലെ താപനില വ്യതിയാനങ്ങൾ അളക്കുന്നതിനുള്ള സൂചികയാണ് നിനോ 3.4. സാധാരണയായി രണ്ട് മുതൽ ഏഴ് വർഷത്തിലൊരിക്കൽ എൽ നിനോ പ്രതിഭാസം സംഭവിക്കാറുണ്ട്. ഒമ്പത് മുതൽ 12 മാസം വരെയാണ് പൊതുവെ ഇതിന്റെ ദൈർഘ്യം. എന്നാൽ തീവ്രതയിലും കാലയളവിലും വ്യത്യാസങ്ങളുണ്ടാകാം.

നിലവിലെ എൽ നിനോ പ്രതിഭാസം വളരെ ശക്തമാണെന്നും യുഎഇയിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും സെപ്റ്റംബർ 11ന് പുറത്തിറക്കിയ വിശദീകരണത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ മഴയ്ക്ക് അനുകൂലമാകുമ്പോൾ മാത്രമേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളൂ. എൽ നിനോ പ്രതിഭാസം ഉണ്ടെന്നതുകൊണ്ടുമാത്രം യുഎഇയിൽ അതിശക്തമായ മഴയോ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല. ഓരോ മേഖലയിലെയും കാലാവസ്ഥാ സംവിധാനങ്ങൾക്കും സീസണിനും അനുസരിച്ച് ഇതിന്റെ സ്വാധീനം വ്യത്യാസപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

എൽ നിനോയുമായി ബന്ധപ്പെട്ട് യുഎഇയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്ന വൈറൽ സമൂഹമാധ്യമ പോസ്റ്റുകളെയും കാലാവസ്ഥാ കേന്ദ്രം തള്ളിയിരുന്നു. അറിയിപ്പുകൾക്കായി ഔദ്യോഗിക സെെറ്റുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു. യുഎഇയിൽ എൽ നിനോയുടെ സ്വാധീനം ശരത്കാലത്ത് കൂടുതൽ പ്രകടമാകാമെന്ന് എൻസിഎം കാലാവസ്ഥാ വിദഗ്ധൻ അഹമ്മദ് ഹബീബ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇതിന്റെ സ്വാധീനം അനുഭവപ്പെടാമെന്നാണ് വിലയിരുത്തൽ.

വേനൽക്കാലത്ത് പടിഞ്ഞാറൻ ഏഷ്യയെ അപേക്ഷിച്ച് കിഴക്കൻ ഏഷ്യയിലാണ് എൽ നിനോയുടെ സ്വാധീനം കൂടുതൽ ശക്തമായി അനുഭവപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽ നിനോ യുഎഇയിലെ അന്തരീക്ഷത്തിലെ ഈർപ്പം വർധിപ്പിക്കുകയും മഴയ്ക്കുള്ള സാധ്യത ഉയർത്തുകയും ചെയ്തേക്കാം. എന്നാൽ മഴയുടെ അളവും തീവ്രതയും പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Content Highlights: UAE’s National Centre of Meteorology forecasts a 96% probability of El Niño conditions continuing through March 2027, with temperatures and rainfall potentially above seasonal averages

dot image
To advertise here,contact us
dot image