'സഞ്ജുവിനെ മാറ്റിനിര്‍ത്തുക എളുപ്പമല്ല' -മുന്‍ ഇന്ത്യന്‍ സഹപരിശീലകന്‍

സഞ്ജു സാംസണ്‍ വികാരങ്ങള്‍ വെച്ച് കളിക്കുന്ന ആളാണെന്നും വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരികയാണെന്നും മുന്‍ സഹപരിശീലകന്റെ പ്രതികരണം

'സഞ്ജുവിനെ മാറ്റിനിര്‍ത്തുക എളുപ്പമല്ല' -മുന്‍ ഇന്ത്യന്‍ സഹപരിശീലകന്‍
dot image

കുറച്ച് ചെറിയ സ്‌കോറുകള്‍ക്ക് ശേഷം ഒരു മികച്ച ഇന്നിംഗ്‌സിലൂടെ ശക്തമായി തിരിച്ചുവരാനുള്ള സഞ്ജു സാംസണിന്റെ കഴിവ് കാരണം, ന്യൂസീലന്‍ഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍.

ടീം കോമ്പിനേഷനും, പ്രത്യേകിച്ച് ഇടത്-വലത് ബാറ്റിംഗ് കൂട്ടുകെട്ടിന്റെ ആവശ്യകതയും സെലക്ഷന്‍ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും നായര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടി20 ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. സഞ്ജുവിന് പകരക്കാരനായിട്ടാണ് സൂര്യവംശിയെ പലരും കാണുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ വലിയ സ്‌കോറിലൂടെ മറുപടി നല്‍കാനുള്ള സഞ്ജുവിന്റെ ശേഷി കാരണം, അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്മെന്റിന് എളുപ്പമല്ലെന്ന് അഭിഷേക് നായര്‍ കരുതുന്നു. 'സഞ്ജു എല്ലാവരുടെയും വികാരങ്ങള്‍ വെച്ചാണ് കളിക്കുന്നത്. കാരണം രണ്ടു മത്സരങ്ങളില്‍ റണ്‍സെടുത്തില്ലെങ്കില്‍ എല്ലാവരും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങും - 'വൈഭവ് സൂര്യവംശിയെ കളിപ്പിക്കണം, സഞ്ജു സാംസണ്‍ അവസരങ്ങള്‍ മുതലാക്കുന്നില്ല, എത്രനാള്‍ നമ്മള്‍ കാത്തിരിക്കും?' എന്ന്. എന്നാല്‍ ആ സമയത്തുതന്നെ അവന്‍ പെട്ടെന്ന് ഒരു 80 റണ്‍സ് അടിച്ചെടുക്കും. തനിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ വീണ്ടും വീണ്ടും അവസരം നല്‍കുകയും, പിന്നീട് ഒരു മികച്ച ഇന്നിംഗ്‌സിലൂടെ ആ അവസരങ്ങള്‍ പരമാവധി മുതലാക്കുകയും ചെയ്യുന്ന തരം കളിക്കാരനാണ് സഞ്ജു. അതിനാല്‍ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കേണ്ടി വരും' -അഭിഷേക് നായര്‍ പറഞ്ഞു.

തനി വ്യക്തിഗത പ്രകടനങ്ങള്‍ക്ക് അപ്പുറം മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചായിരിക്കും ടീം സെലക്ഷന്‍ തീരുമാനങ്ങളെന്ന് നായര്‍ പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥയും സെലക്ഷനോടുള്ള മാനേജ്മെന്റിന്റെ സമീപനവും പ്രധാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അടിക്കടിയുള്ള മാറ്റങ്ങള്‍ ടീം സംസ്‌കാരത്തെയും യുവതാരങ്ങളുടെ വളര്‍ച്ചയെയും ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. 'പലപ്പോഴും ഒരു ടീമിന്റെ സംസ്‌കാരത്തിന്, നിങ്ങള്‍ ഒരു കോച്ചോ ക്യാപ്റ്റനോ ആണെങ്കില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നത് നിര്‍ണായകമാണ്. നിങ്ങള്‍ എടുത്തുചാടി തീരുമാനങ്ങള്‍ എടുത്താല്‍, അത് വൈഭവ് സൂര്യവംശിയുടെ കരിയറിനെ ബാധിക്കുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതം ടീം സംസ്‌കാരത്തില്‍ ഉണ്ടാക്കും. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ തീരുമാനം ഇങ്ങനെയായിരിക്കും: 'വൈഭവ്, നിന്റെ സമയത്തിനായി കാത്തിരിക്കൂ; നിനക്കും അവസരങ്ങള്‍ ലഭിക്കും' സഞ്ജു ഇല്ലാത്തതോ അല്ലെങ്കില്‍ വിശ്രമം നല്‍കുന്നതോ ആയ ഒരു പരമ്പരയില്‍ വൈഭവിന് കളിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ആദ്യ നിരയിലും മൂന്നാം നമ്പറിലും ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളിടത്തോളം കാലം, ഇടയില്‍ ഒരു വലങ്കയ്യന്‍ ബാറ്റര്‍ വേണമെന്ന് നിങ്ങള്‍ എപ്പോഴും ചിന്തിക്കും. അതിനാല്‍ ഇത് വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും തമ്മിലുള്ള കാര്യം മാത്രമല്ല; ബ്രേസ്വെല്ലിനെ പോലുള്ള ഒരു ബൗളര്‍ വന്ന് പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീഴ്ത്താതിരിക്കാന്‍ ആ ഇടത്-വലത് കോമ്പിനേഷന്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം' -അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.

content highlights: 'Not Easy to Keep Sanju Samson Out': Former India Assistant Coach Vikram Rathour

dot image
To advertise here,contact us
dot image