

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.
1,08,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില തൊട്ടത് പതിനഞ്ചാം തിയ്യതിയായിരുന്നു.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,105 രൂപയിലും പവന് 88,840 രൂപയിലുമാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,685 രൂപയും പവന് 69,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വീണ്ടും ഉയരാൻ പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും നിക്ഷേപകരുടെ വർധിച്ച താൽപര്യവുമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ഇതിനുപുറമെ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, അന്താരാഷ്ട്ര വിപണിയിലെ വാങ്ങലുകൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വില കുറഞ്ഞപ്പോൾ വാങ്ങാൻ കാത്തിരുന്നവർ വീണ്ടും വിപണിയിൽ സജീവമാകുന്നതും വില ഉയരാൻ കാരണമാകാം. എന്നാൽ വരും ദിവസങ്ങളിൽ വില ഉയരുമോ കുറയുമോ എന്നത് ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും വിപണിയിലെ ആവശ്യകതയെയും ആശ്രയിച്ചിരിക്കും. രാജ്യാന്തര തലത്തിൽ 4,180 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീതിയെത്തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് ട്രോയ് ഔൺസിന് 4,075 ഡോളറിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ ട്രോയ് ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് ശേഷമായിരുന്നു ഈ ഇടിവ്.എന്നാൽ, നിലവിലെ ഇടിവ് താൽക്കാലികമാണെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൈകാതെ ശക്തമായി തിരിച്ചുവരുമെന്നും ഫണ്ട് മാനേജർമാർ വിലയിരുത്തുന്നു.
Content Highlights: Gold Prices Rise Again in Kerala Amid Market Fluctuations; Will Buyers Get Relief Anytime Soon?