സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രമാണ് ഉദ്ഘാടനത്തിന് വിളിച്ചത്; ക്ഷണിക്കാത്തതിൽ പരിഭവം പങ്കുവെച്ച് ജി സുധാകരൻ

ഉദ്ഘാടനത്തിന് ഒരു ക്ഷണക്കത്ത് പോലും തരാതിരുന്നതിൽ പരാതിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു

സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രമാണ് ഉദ്ഘാടനത്തിന് വിളിച്ചത്; ക്ഷണിക്കാത്തതിൽ പരിഭവം പങ്കുവെച്ച് ജി സുധാകരൻ
dot image

കൊച്ചി: നേരെക്കടവ് - മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലുള്ള പരിഭവം പങ്കുവെച്ച് ജി സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രമാണ് ഉദ്ഘാടനത്തിന് വിളിച്ചതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. ഇന്നലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സ്ഥലം എംഎൽഎയും പിന്നെ സംഘാടകർക്ക് താല്പര്യമുള്ളവരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനം ഗംഭീരമായി നടത്തി. പാലത്തോട് ജനങ്ങളുടെ ഇഷ്ടം ആൾക്കൂട്ട വലിപ്പത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതാണ് എന്നാണ് ഫേസ്ബുക്കിൽ ജി സുധാകരൻ കുറിച്ചിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോൾ നേരിട്ടു വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. പൂർത്തിയാക്കുമ്പോൾ ഉദ്ഘാടനം ആലപ്പുഴ ഭാഗത്ത് നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ ആലപ്പുഴ ഭാഗത്തെ ഒന്ന് രണ്ട് വീട്ടുകാർ ഒരുകാരണവശാലും അപ്പ്രോച്ച് റോഡ് നിർമ്മിക്കാൻ സ്ഥലം തരില്ല എന്നു വാശിപിടിച്ചു. ബലം പിടിച്ചു മാറ്റേണ്ടതില്ല എന്ന് സർക്കാരും തീരുമാനിച്ചു. അതിനാൽ നിർമ്മാണം നീണ്ടുപോയി എന്നാണ് ഫേസ്ബുക്കിൽ ജി സുധാകരൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിന് ഒരു ക്ഷണക്കത്ത് പോലും തരാതിരുന്നതിൽ പരാതിയില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. പാലം പൂർത്തിയായി ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾ നടന്നതായി പത്രത്തിൽ കണ്ടു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ അന്ന് എംഎൽഎ ആയിരുന്ന ആരിഫ് ആണ്. യഥാർത്ഥ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവർക്ക് അറിയില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാം. ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്ത് പോലും ഇന്ന് എംഎൽഎ ആയിരിക്കുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് തരാതിരുന്നതിൽ ഒരു പരാതിയുമില്ല. പക്ഷേ എല്ലാം ജനങ്ങൾക്കറിയാം എന്നാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 500ഓളം പാലങ്ങളെക്കുറിച്ചും ജി സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നൂറുകോടി രൂപയുടെ പെരുമ്പളം പാലം 80 കോടി രൂപയുടെ മാക്കേക്കടവ്-നേരെ കടവ് പാലം, ചേർത്തലയിലെ നെടുമ്പ്രകാട് പാലം തുടങ്ങി 500 പാലങ്ങളാണ് 2016-2021 കാലയളവിൽ പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ കേരളത്തിൽ നിർമ്മാണം ആരംഭിച്ചത്. ഇനിയും പൂർത്തീകരിക്കാൻ പാലങ്ങൾ ബാക്കി കിടക്കുന്നു. പാലം സാക്ഷാത്കരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വേമ്പനാട്ട് കായലിന് കുറുകെ കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പണി പൂർത്തിയായ മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ വാക്പോരുകൾക്കും വേദിയായിരുന്നു. മുൻ എംഎൽഎ എ എം ആരിഫിന് വേദിയിൽ നിന്ന് കൂക്കുവിളി ഉയർന്നത് ചടങ്ങിൻ്റെ ശോഭ കെടുത്തിയിരുന്നു. പ്രസം​ഗിക്കാൻ അവസരം നൽകാതെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപിച്ച് മുൻ വൈക്കം എംഎൽഎ സി കെ ആശ വേദി വിട്ടിറങ്ങി പോയിരുന്നു.

Content Highlights: G Sudhakaran expressed his displeasure over not being invited to an inauguration, saying the organisers invited only those they wanted to attend the event

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us