

യുഎഇയിൽ വ്യാജ ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. കുറഞ്ഞ ചിലവിൽ വിസ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഏജൻസികളുടെയും സംഘങ്ങളുടെയും ചതിക്കുഴികളിൽ നിരവധിയാളുകളാണ് വീഴുന്നത്. വിസ സംബന്ധമായ ആവശ്യങ്ങൾക്ക് അംഗീകൃത സ്ഥാപനങ്ങളെയും ഔദ്യോഗിക ചാനലുകളെയും മാത്രം സമീപിക്കണമെന്ന് അധികൃതർ ശക്തമായ നിർദ്ദേശം നൽകി.
പ്രായപരിധി മൂലം ജോലിയോ വിസ പുതുക്കലോ പ്രതിസന്ധിയിലായ പ്രവാസികളെയും ജോലി തിരഞ്ഞ് വിസിറ്റ് വിസയിൽ എത്തുന്ന ഉദ്യോഗാർത്ഥികളെയുമാണ് തട്ടിപ്പുസംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. വിപണിയിലെ യഥാർത്ഥ നിരക്കിലും വളരെ കുറഞ്ഞ തുകയിൽ രണ്ട് വർഷത്തെ ഫ്രീലാൻസ് വിസ ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഇവർ തുക തട്ടിയെടുക്കുന്നതെന്ന് പ്രമുഖ ബിസിനസ് സെന്റർ അധികൃതർ വ്യക്തമാക്കുന്നു.
ഇത്തരം വ്യാജ വിസകൾ കൈപ്പറ്റുന്നവർ പിന്നീട് വലിയ നിയമക്കുരുക്കുകളിലാണ് ചെന്നുപെടുന്നത്. അറിയപ്പെടാത്ത കമ്പനികളുടെ ഇൻവെസ്റ്റർ/പാർട്ണർ വിസകളാണ് പലർക്കും ഇത്തരത്തിൽ ലഭിക്കുന്നത്. കാലക്രമേണ ഈ കമ്പനികൾ നിയമലംഘനങ്ങൾ കാരണം പൂട്ടുകയോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, അതിന്റെ വലിയ തുക വരുന്ന പിഴയും നിയമപരമായ ബാധ്യതകളും വിസ സ്വന്തമാക്കിയ വ്യക്തികളുടെ തലയിലാകുന്നു. കൂടാതെ, വിസ ആവശ്യങ്ങൾക്കായി കൈമാറുന്ന പാസ്‌പോർട്ട്, വ്യക്തിഗത രേഖകൾ എന്നിവ ദുരുപയോഗം ചെയ്യപ്പെടാനും ഡാറ്റ ചോർച്ചയ്ക്ക് കാരണമാകാനും സാധ്യതയേറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അംഗീകൃത ഫ്രീസോണുകൾ വഴിയും ഗവൺമെന്റ് പോർട്ടലുകൾ വഴിയും മാത്രം വിസ നടപടികൾ പൂർത്തിയാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള വിസ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുകളിൽ വിവരമറിയിക്കുകയും ദുബായ് പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ പരാതി നൽകുകയും ചെയ്യേണ്ടതാണ്.
Content Highlights: Fake freelance visa schemes are targeting UAE residents through social media, with scammers promising low-cost visas and Emirates IDs. Expats are urged to verify offers through authorised channels before paying or sharing personal documents.