

കണ്ണൂര്‍: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളെ കണ്ണൂരില്‍ സ്ഥാനാര്ഥിയാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അവിടെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പില്‍ എസ്ഐആര്‍ തിരിച്ചടിയായെന്നും വലിയ അളവില്‍ വോട്ട് കൂട്ടിച്ചേര്‍ത്തുവെന്നും കെ കെ രാഗേഷ് പറഞ്ഞു.
ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നടപടികളെടുക്കും. ന്യൂനപക്ഷ വിഭാഗം നേരത്തേ കണ്ണൂരില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മുസ്ലീംലീഗ് മുന്‍കൈയെടുത്തു. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ നുണ പ്രചരിപ്പിച്ചുവെന്നും വര്‍ഗീയ പ്രചാരണങ്ങളടക്കം നടത്തിയെന്നും രാഗേഷ് ആരോപിച്ചു.
ഇതെല്ലാം കണക്കിലെടുത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ പാര്‍ട്ടി വലിയ ഇടപെടല്‍ നടത്തും. ക്രൈസ്തവ വിഭാഗം കൂടി ഉള്‍പ്പെടുന്നതാണ് ന്യൂനപക്ഷം. സിപിഐഎം വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചാരണം നടത്തുന്നുണ്ട്. സിപിഐഎം വിശ്വാസികള്‍ക്ക് എതിരല്ല. വര്‍ഗീയതയെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
പി പി ദിവ്യ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശേഷം അവരെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും ദിവ്യയുടെ തിരിച്ചു വരവ് അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് വ്യക്തമാക്കി.
അതേസമയം, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരുമെന്ന് സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്, എം സി രാഘവന് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍.
വിപുലീകൃത കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ വിമര്‍ശനമാണ് ഉയർന്നത്. എക്സാലോജിക് കേസില്‍ പിണറായി വിജയന് യഥാസമയം പ്രതികരിക്കാത്തത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായാണ് വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് ഈ വിഷയം പ്രതിനിധികള്‍ ഉയര്‍ത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ട്. പാര്‍ട്ടി വോട്ടുകള്‍ നഷ്ടമാകുമെന്ന് മുന്‍കൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചര്‍ച്ചകള്‍ ഗൗരവത്തില്‍ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
പയ്യന്നൂരില്‍ കണക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ട്. പാര്‍ട്ടി അംഗീകരിച്ച കണക്ക് പല അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പയ്യന്നൂരില്‍ വിഭാഗീയത തോല്‍വിക്ക് കാരണമായി. വിഭാഗീയത ഇല്ലാതാക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. ഐക്യത്തോടെ സംഘടനയെ നയിക്കുന്നതില്‍ പോരായ്മ വന്നു. വിഭാഗീയത പരിഹരിക്കാന്‍ ശക്തമായ നടപടി വേണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പിണറായി വിജയനാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്, പി കെ ശ്രീമതി, കെ കെ ശൈലജ, കെ എന്‍ ബാലഗോപാല്‍, പുത്തലത്ത് ദിനേശന്, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ജയരാജന്, എം വി ജയരാജന് അടക്കമുള്ള സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട നേതൃനിര വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തു.
Content Highlights: cpim kannur district secretary kk ragesh comments on minority candidate selection