വഖഫ് ബോര്‍ഡ് പുനഃസംഘടന; എതിര്‍പ്പുമായി കാന്തപുരം വിഭാഗം, 22ന് പരസ്യ പ്രതിഷേധത്തിന് ആഹ്വാനം

'വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ കൂടിയാലോചന ഉണ്ടായില്ല'

വഖഫ് ബോര്‍ഡ് പുനഃസംഘടന; എതിര്‍പ്പുമായി കാന്തപുരം വിഭാഗം, 22ന് പരസ്യ പ്രതിഷേധത്തിന് ആഹ്വാനം
dot image

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ എതിര്‍പ്പുമായി കാന്തപുരം വിഭാഗം. വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് എന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. പുന:സംഘടനയില്‍ പ്രതിഷേധം ഉണ്ടെന്നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ കൂടിയാലോചന ഉണ്ടായില്ല. ബഹുഭൂരിപക്ഷം വഖഫ് സ്വത്തുക്കളും സുന്നികളുടേതാണ്.

യാതൊരു നീക്കുപോക്കും ചർച്ചയും നേതൃത്വവുമായി നടന്നിട്ടില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 22-ാം തീയതി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

ഇന്നായിരുന്നു വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എം സി മായിന്‍ ഹാജി ചെയര്‍മാനായ കമ്മിറ്റിയില്‍ എം ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുള്‍ മജീദ് സലാഹി തുടങ്ങിയവരവുമുണ്ട്. സര്‍ക്കാര്‍ അമുസ്‌ലീങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല. നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ട് സമ്പൂര്‍ണ പുനഃസംഘടനയാണ് സര്‍ക്കാര്‍ നടത്തിയത്. സമസ്തയുടെ അംഗമായി എം ബി മുസ്തഫല്‍ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല്‍ ഫൈസി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇരു സമസ്തകള്‍ക്കും പ്രാധിനിത്യം ഇല്ലാത്ത സര്‍ക്കാര്‍ തീരുമാനം അനീതിയും അന്യായവും ആണെന്നായിരുന്നു എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം പ്രതികരിച്ചത്.

കോടതി വിധി അനുസരിച്ചാണ് ഇപ്പോൾ പുനഃസംഘടന നടന്നിരിക്കുന്നത്. പുനഃസംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ശക്തമാക്കിയത്. പിന്നാലെ കെ എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. പുനഃസംഘടനയില്‍ കെ എസ് ഹംസ കോടതിയെ സമീപിക്കാനാണ് സാധ്യത.

സമസ്തയുമായി തനിക്ക് അകല്‍ച്ച ഇല്ലെന്നായിരുന്നു ചുമതല ഏറ്റെടുത്ത ശേഷം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം സി മായിന്‍ ഹാജി പ്രതികരിച്ചത്. അകല്‍ച്ച ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സമസ്ത തനിക്കെതിരെ പരാതി പറയില്ല. വഴിയേ പോയവര്‍ക്കെല്ലാം സമസ്തയുടെ പരാതി പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ഇതര അംഗങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ അറിയിക്കും എന്നായിരുന്നു മായിന്‍ ഹാജിയുടെ നിലപാട്.

സര്‍ക്കാര്‍ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ചുമതല ഏല്‍ക്കുന്നതെന്നും ചുമതല ഏറ്റെടുത്തതോടെ എല്ലാവരുടെയും ചെയര്‍മാന്‍ ആണ് താനെന്ന് മായിന്‍ ഹാജി പറഞ്ഞു. പഴയ ചെയര്‍മാന്റെ അടക്കം ചെയര്‍മാനാണ്. കെ എസ് ഹംസ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ല. സമസ്തയുടെ പരാതി നിയമിച്ചവരോടാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Waqf Board Restructuring Kanthapuram Group Opposition Kerala Waqf Board Reorganisation

dot image
To advertise here,contact us
dot image