

ദേശീയ സാമൂഹിക സഹായ പദ്ധതി വരും വർഷങ്ങളിലും തുടരുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള അഞ്ച് വർഷത്തേക്ക് 53,428 കോടി രൂപയുടെ വൻ സാമ്പത്തിക വിഹിതമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിനോടൊപ്പം നിലവിലുള്ള വിവിധ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാനും, ഭിന്നശേഷി പെൻഷന്റെ യോഗ്യതാ മാനദണ്ഡങ്ങളിലും ആനുകൂല്യങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനും സർക്കാർ തീരുമാനിച്ചു. എന്നാൽ വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ സഹായ പദ്ധതി എന്നിവ നിലവിലുള്ള രൂപത്തിൽ തന്നെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പരിഷ്കരണ പ്രകാരം ദേശീയ സാമൂഹിക സഹായ പദ്ധതി ഇനി മുതൽ 'പ്രധാൻ മന്ത്രി സമാജിക് സഹായതാ യോജന' എന്ന പേരിൽ അറിയപ്പെടും. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം ഇനി 'പ്രധാൻ മന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന' എന്നും, ഇന്ദിരാഗാന്ധി നാഷണൽ വിഡോ പെൻഷൻ സ്കീം 'പ്രധാൻ മന്ത്രി വിധവ പെൻഷൻ യോജന' എന്നുമാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള ഇന്ദിരാഗാന്ധി നാഷണൽ ഡിസബിലിറ്റി പെൻഷൻ സ്കീമിന്റെ പുതിയ പേര് 'പ്രധാൻ മന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന' എന്നാണ്. കൂടാതെ നാഷണൽ ഫാമിലി ബെനഫിറ്റ് സ്കീം 'പ്രധാൻ മന്ത്രി പരിവാർ ലാഭ് യോജന' എന്നും അറിയപ്പെടും.
ഈ പദ്ധതിയിലെ ഏറ്റവും വലിയ മാറ്റം ഭിന്നശേഷി പെൻഷൻ ലഭിക്കാനുള്ള അർഹതയിലാണ് വരുത്തിയിരിക്കുന്നത്. മുൻപ് പെൻഷൻ ലഭിക്കാൻ 80% വൈകല്യം മാനദണ്ഡമാക്കിയിരുന്ന സ്ഥാനത്ത് അത് 40% ആയി കുറച്ചു. കൂടാതെ ഈ പെൻഷൻ ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി ജനനം മുതൽ ആയി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻ തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 0 മുതൽ 79 വയസ്സുവരെയുള്ള ദിവ്യാംഗർക്ക് പ്രതിമാസം 375 രൂപയും, 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് 625 രൂപയും സഹായമായി ലഭിക്കും.
ഈ പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർണ്ണമായി തയ്യാറാക്കി നടപ്പിലാക്കുമെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അറിയിച്ചു. അർഹതയ്ക്കുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ വലിയ ഇളവുകൾ കാരണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 3.20 കോടിയിലധികം പേർക്ക് ഈ പുതിയ മാറ്റത്തിന്റെ പ്രയോജനം നേരിട്ട് ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
Content Highlights: The report states that the Union government has approved the continuation of the National Social Assistance Programme (NSAP) for five years, from FY 2026–27 to FY 2030–31.A total allocation of ₹53,428 crore has reportedly been approved for the period.