സൗദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

മക്ക, ജിസാൻ, അസീർ, അൽ ബാഹ, ഹായിൽ, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ് എന്നീ ഏഴ് പ്രധാന മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്

സൗദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം
dot image

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 21 ബുധനാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, കാഴ്ചാപരിധി ഗണ്യമായി കുറയ്ക്കുന്ന പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

മക്ക, ജിസാൻ, അസീർ, അൽ ബാഹ, ഹായിൽ, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ് എന്നീ ഏഴ് പ്രധാന മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കൂടാതെ മദീന, തബൂക്ക്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. തീർത്ഥാടന കേന്ദ്രമായ മക്കയ്ക്കും ത്വായിഫ്, അൽ ഖുൻഫുദ, അൽ ലീത്ത് തുടങ്ങി ചുറ്റുമുള്ള നിരവധി ഗവർണറേറ്റുകൾക്കും മഴ മുന്നറിയിപ്പ് ബാധകമാണ്. അപകടസാധ്യത കണക്കിലെടുത്ത് ത്വായിഫ്, അൽ അർദിയാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രം 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു.

മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളും തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. താഴ്‌വരകൾ, വെള്ളക്കെട്ടുകൾ, നീർച്ചാലുകൾ എന്നിവയിൽ ഇറങ്ങരുതെന്നും വെള്ളപ്പൊക്കത്തിൽ നീന്താൻ ശ്രമിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. രാത്രിയിലും പുലർച്ചെയും മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ് എന്നീ തീരദേശ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്.

അതേസമയം, ചെങ്കടലിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിലധികം ഉയർന്നേക്കാം. വാഹനം ഓടിക്കുന്നവരും പൊതുജനങ്ങളും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്ന് സിവില്‍ ഡിഫന്‍സ് നിർദ്ദേശിച്ചു.

Content Highlights: Saudi Arabia has issued weather warnings for heavy rain, thunderstorms and possible flash floods in several regions until Wednesday, October 21. Residents are urged to exercise caution.

dot image
To advertise here,contact us
dot image