'കിഫ്ബി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ഉണ്ടാകും'; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പരസ്യത്തിന് 200 കോടിയോളം കിഫ്ബി പണം ചെലവിട്ടെന്നും എല്‍ഡിഎഫ് മറുപടി പറയേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി

'കിഫ്ബി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ഉണ്ടാകും'; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: കിഫ്ബി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലെയും പാലക്കാട്ടെയും ഭൂമി വാങ്ങല്‍ പരിശോധിക്കാനാണ് നീക്കം. പാര്‍ട്ടിക്കാരുടെ ഭൂമിക്ക് അഞ്ചിരിട്ടിയില്‍ അധികം പണം നല്‍കി. അറുപതിനായിരം കോടി രൂപ ചെലവിട്ടത് പാര്‍ട്ടി താല്പര്യം സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പരസ്യത്തിന് 200 കോടിയോളം കിഫ്ബി പണം ചെലവിട്ടെന്നും എല്‍ഡിഎഫ് മറുപടി പറയേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്നും ഈ രീതിയില്‍ പ്രവര്‍ത്തനം തുടരേണ്ടതില്ലെന്നും സുധാപ്പിള്ള അധ്യക്ഷയായ സമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സമഗ്ര അഴിച്ചുപണി നിര്‍ദേശിക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കിഫ്ബി സര്‍ക്കാരിന് കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു. 25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തും. തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കിഫ്ബി ഉടനെ നിര്‍ത്താന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കിഫ്ബിയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അജണ്ടയുടെ കൂട്ടുപിടിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ മഹത്വവല്‍ക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങള്‍ അതേപടി പകര്‍ത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കിഫ്ബി നിര്‍ത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് തോമസ് ഐസക്കും പ്രതികരിച്ചു. ഫെയര്‍ വാല്യുവിന് ഒരു ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കാണിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു. സര്‍ക്കാര്‍ നീക്കം സ്വകാര്യ വല്‍ക്കരണത്തെ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനം.

Content Highlights: Home Minister Ramesh Chennithala has said a vigilance investigation into alleged KIIFB irregularities is expected soon, focusing on land purchases in Kannur and Palakkad. He alleged that land owned by party members was bought at more than five times its value and questioned the use of ₹60,000 crore in KIIFB funds. He also claimed that around ₹200 crore was spent on election advertising and said the LDF must respond to the allegations.

dot image
To advertise here,contact us
dot image