മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മറ്റന്നാള്‍ മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
dot image

തിരുവനന്തപുരം: തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും 14 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തുലാവര്‍ഷം ആരംഭിച്ചതായി ഇന്ന് ഉച്ചയോടെ കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 10 ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. കാലവര്‍ഷം രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങിയതിന് പിന്നാലെ കേരളത്തിന് പുറമേ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, മാഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയ്ക്ക് തുടക്കമായി.

ഡിസംബര്‍ വരെയും തുലാവര്‍ഷം തുടരും. വടക്കന്‍ കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിലാണ് തുലാവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയാകും ഉണ്ടാകുക. വൈകുന്നേരത്തോടെ ഇടിയോട് കൂടിയ മഴയാകും ഉണ്ടാകുകയെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നാല്‍പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Content Highlights: Heavy rainfall is expected in Kerala following the arrival of Thulavarsham. An orange alert has been issued for four districts, indicating the possibility of very heavy rain.

dot image
To advertise here,contact us
dot image