

ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികൾക്ക് മുൻപുണ്ടായിരുന്ന ജാതിയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗ സംവരണം അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രധാന വിധി. ഇസ്ലാമിലേക്ക് മതം മാറിയത് കൊണ്ടുമാത്രം ഒരു വ്യക്തിക്ക് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴോളം മുസ്ലിം പിന്നോക്ക വിഭാഗങ്ങളിൽ അംഗമാകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതം മാറുന്നതിന് മുമ്പുള്ള ജാതി പദവി പിന്നീട് മുസ്ലിം പിന്നോക്ക വിഭാഗത്തിന്റെ പദവിയായി സ്വമേധയാ മാറ്റാനാവില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ചാണ് മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചത്. മതം മാറിയെന്ന കാരണം കൊണ്ട് മാത്രം ഒരാൾക്ക് പിന്നാക്ക വിഭാഗത്തിൽ അംഗത്വം ലഭിക്കില്ലെന്ന് മാത്രമല്ല അതിന് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിധിയിൽ സുപ്രീംകോടതി പ്രസ്താവിച്ചു. ഭരണഘടനയിൽ പട്ടികജാതി ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കാണ് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി പദവി ലഭിക്കുക. ഈ മതങ്ങളിൽപ്പെടാത്ത മതത്തിലക്ക് മാറുന്നവർക്ക് പട്ടികജാതി പദവി അവകാശപ്പെടാനാവില്ലന്നും കോടതി പറഞ്ഞു. എന്നാൽ മതം മാറിയശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ സംവരണാവകാശം പഴയ ജാതി പദവിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്നും പഴയ ജാതി സ്വത്വം പുനസ്ഥാപിക്കപ്പെട്ടോ, നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. 2024ലെ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂർണമായും ശരിവയ്ക്കുകയും ചെയ്തു.
2024 മാർച്ച് ഒമ്പതിനാണ് തമിഴ്നാട് സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ, പട്ടിക ജാതിക്കാർ എന്നിവരിൽ നിന്നും മുസ്ലീം മതത്തിലേക്ക് മാറുന്നവർക്ക് തമിഴ്നാട്ടിൽ വിജ്ഞാപനം ചെയ്തിട്ടുള്ള അൻസാർ, ഡെക്കാനി മുസ്ലീംസ്, ദുബെകുല, ലബ്ബെ, മാപ്പിള, ഷെയ്ഖ്, സയ്യിദ് എന്നീ പിന്നോക്ക മുസ്ലിം വിഭാഗങ്ങളിലൊന്നായി പരിഗണിച്ച് സംവരണം നൽകാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. 2015ൽ ഇസ്ലാം മതം സ്വീകരിച്ച സമീർ അഹമ്മദ് മുസ് ലിം ലബ്ബെ സമുദായ സർട്ടിഫിക്കറ്റിനായി തഹസീൽദാർക്ക് അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. തുടർന്ന് ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി. പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: The Supreme Court of India has ruled that religious conversion does not automatically grant eligibility for backward class reservation benefits. The ruling clarifies that changing religion alone is insufficient to establish entitlement to reservation.