കേരളത്തില്‍ വനരാജ് ആണോ? ഗൂഢാലോചന ആരോപിച്ച് ജനീഷ് കുമാര്‍; അനധികൃത ഫെന്‍സിങ്ങ് ഇനിയും പൊളിക്കുമെന്ന് മന്ത്രി

ചിന്നക്കനാലില്‍ നിരവധി അനധികൃത നിര്‍മ്മിതികള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഷിബു ബേബി ജോൺ അറിയിച്ചു

കേരളത്തില്‍ വനരാജ് ആണോ? ഗൂഢാലോചന ആരോപിച്ച് ജനീഷ് കുമാര്‍; അനധികൃത ഫെന്‍സിങ്ങ് ഇനിയും പൊളിക്കുമെന്ന് മന്ത്രി
dot image

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത ഫെന്‍സിങ്ങുകള്‍ ഇനിയും പൊളിച്ചുമാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. ഇടുക്കി കളക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലാണ് മറുപടി. മനുഷ്യനെ സംരക്ഷിക്കാനുള്ള തീരുമാനങ്ങള്‍ ഉദ്യോഗസ്ഥരെടുക്കുമ്പോള്‍ പിന്തുണയ്ക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയെടുത്ത തീരുമാനമാണത്. ഭൂമി കയ്യേറ്റക്കാര്‍ നടത്തുന്ന ഫെന്‍സിംഗ് ആര് എതിര്‍ത്താലും പൊളിച്ചുമാറ്റും. അതില്‍ തര്‍ക്കമില്ല. അവരെ സംരക്ഷിക്കാനുള്ള വേദിയായി സഭ മാറരുതെന്നും എ പി അനില്‍ കുമാര്‍ സഭയില്‍ വ്യക്തമാക്കി.

ഇടുക്കി കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരും നാട്ടുകാരും കെട്ടിയ സംരക്ഷണ വേലികളും ഭിത്തികളും പൊളിച്ചുമാറ്റിയെന്നും ഇത് കര്‍ഷകര്‍ക്കും മലയോര മേഖലയിലെ ജനങ്ങള്‍ക്കും വലിയ ആശങ്ക ഉയര്‍ത്തിയെന്നുമാണ് പ്രതിപക്ഷ ആരോപണം. ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അനധികൃതമായി നിര്‍മ്മിച്ച സോളാര്‍ വേലികള്‍ നീക്കം ചെയ്യാനാണ് ഇടുക്കി കളക്ടര്‍ ഉത്തരവിട്ടതെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ചിന്നക്കനാലില്‍ നിരവധി അനധികൃത നിര്‍മ്മിതികള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ മന്ത്രിയുടെ മറുപടി ഭയപ്പെടുത്തുന്നതാണെന്ന് കെ യു ജനീഷ് കുമാര്‍ പറഞ്ഞു. ഇടുക്കിയിലെ വനത്തിലല്ല റവന്യൂവകുപ്പിലെ ഫെന്‍സിംഗുകളാണ് നീക്കിയതെന്നും റവന്യൂ ഭൂമിയില്‍ കയറാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് കാര്യമെന്നും ജനീഷ് കുമാര്‍ ചോദിച്ചു. വനരാജ് ആണോ കേരളത്തില്‍ നടക്കുന്നതെന്നും ഇടുക്കി കളക്ടറുടെ ഉത്തരവ് മലയോരകര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള വളഞ്ഞ വഴിയാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

വനത്തിനുള്ളില്‍ ഏതെങ്കിലും പാത കെട്ടിയടച്ചിട്ടുണ്ടോ? എങ്കില്‍ അത് മാറ്റാമല്ലോ. കേരളത്തിലാകെ 135 ആനത്താരകളുണ്ട്. അതില്‍ കേരളത്തില്‍ ഏഴെണ്ണം ഉണ്ട്. അതെല്ലാം തുറന്നിരിക്കുകയാണ്. സെപ്തംബര്‍ 25ന് ഇടുക്കിയില്‍ എത്തിയ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടില്ലെന്നും ജനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടര്‍ മാത്രമല്ല, പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന്റെ പിന്നില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിയും ഉണ്ടെന്നും ജനീഷ് കുമാര്‍ ആരോപിച്ചു.

Content Highlights: Kerala Revenue Minister A P Anil Kumar said that more illegal fences in Idukki would be removed

dot image
To advertise here,contact us
dot image