പവര്‍കട്ട് അറിയാത്തവരെ അത് പഠിപ്പിച്ചുവെന്ന് ജി ആര്‍ അനില്‍; LDF കാലത്തെ നിയന്ത്രണം ഉയര്‍ത്തി മന്ത്രി

കഴിഞ്ഞ പത്ത് വര്‍ഷം വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലായെന്നത് വാസ്തവ വിരുദ്ധമാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി

പവര്‍കട്ട് അറിയാത്തവരെ അത് പഠിപ്പിച്ചുവെന്ന് ജി ആര്‍ അനില്‍; LDF കാലത്തെ നിയന്ത്രണം ഉയര്‍ത്തി മന്ത്രി
dot image

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍. കഴിയാവുന്നത്ര വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ജി ആര്‍ അനില്‍ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. 2006വരെ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടായിരുന്നു. 2011ല്‍ വീണ്ടും പവര്‍കട്ട്. യുഡിഎഫ് ഭരണം വരുമ്പോള്‍ എങ്ങനെയാണ് പവര്‍ക്കട്ട് ഉണ്ടാവുന്നതെന്ന് ജി ആര്‍ അനില്‍ ചോദിച്ചു. സര്‍ക്കാരിന് ഹണിമൂണ്‍ പിരീയഡ് ആണെങ്കില്‍ നാല് മാസത്തിനകം വിവാഹം കഴിഞ്ഞവര്‍ക്ക് വീടുകളില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജി ആര്‍ അനില്‍ പരിഹസിച്ചു. പവര്‍ക്കട്ട് അറിയാത്തവരെ അത് പഠിപ്പിച്ചുവെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷം വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലായെന്നത് വാസ്തവ വിരുദ്ധമാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാത്രം എല്‍ഡിഎഫ് ഭരണകാലത്തുണ്ടായ വൈദ്യുതി നിയന്ത്രണത്തിന്റെ തീയതികള്‍ നിരത്തിയായിരുന്നു സണ്ണി ജോസഫ് മറുപടി നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം 2214 ലോഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഉപയോഗത്തിലെയും ഉപഭോഗത്തിലെയും ആവശ്യകതയിലെയും വര്‍ധനവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന മുന്‍ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ലേഖനവും മന്ത്രിസഭയില്‍ ഉയര്‍ത്തി. എല്‍നിനോയും മഴക്കുറവും പ്രതിസന്ധി രൂക്ഷമാക്കി, ഡാമുകളിലെ ജലസംഭരണം മുന്‍കാലത്തെ പകുതിയില്‍ താഴെയായി, പ്രതിസന്ധിക്ക് റദ്ദാക്കിയ 460 മെഗാവാട്ട് മാത്രമല്ല കാരണം, കരാറുണ്ടായിരുന്നെങ്കിലും അധിക ഉപഭോഗത്തിന്റെ വിടവ് തുടരുമായിരുന്നുവെന്നായിരുന്നു ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ഇതൊരു കുറ്റസമ്മതമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിനേക്കാള്‍ ഈ സെപ്തംബറില്‍ 1,200 മെഗാവാട്ടിന്റെ അധിക വര്‍ധനവ് ഉണ്ടായി. ഇത്തവണ മഴയില്‍ 27ശതമാനം കുറവ് രേഖപ്പെടുത്തി. ഇടുക്കിയില്‍ മഴയില്‍ 47ശതമാനം കുറവുണ്ടായി. ഉപയോഗിക്കുന്ന വൈദ്യുതിയുടെ പത്ത് ശതമാനം ഉല്‍പ്പാദനം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് പലവട്ടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏഴുവര്‍ഷം കരാറിന്റെ ഗുണം അനുഭവിച്ചിട്ടാണ് റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടക്കുകയാണ്. ജനങ്ങളും സഹകരിക്കുന്നുണ്ട്. പ്രതിപക്ഷവും സഹകരിക്കണം എന്നും സണ്ണി ജോസഫ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ടായെന്നും ഉപഭോഗം വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 4 രൂപ 29 പൈസയ്ക്ക് വാങ്ങേണ്ട വൈദ്യുതിയുടെ കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ സര്‍ക്കാര്‍ എട്ടു രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. ഹ്രസ്വകാലത്തേക്കും ദീര്‍ഘ കാലത്തേക്കും വൈദ്യുതി കരാര്‍ നമുക്ക് ആവശ്യമാണ്. ന്യൂക്ലിയര്‍, തെര്‍മല്‍ വൈദ്യുതി ഉല്‍പാദനം ജനങ്ങള്‍ അനുവദിക്കുന്നില്ല. വൈദ്യുതി കരാര്‍ റദ്ദാക്കിയ സംഭവം അന്വേഷിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ചിലര്‍ക്ക് നുണകള്‍ നല്ല രീതിയില്‍ അവതരിപ്പിച്ച് അതാണ് വസ്തുത എന്ന് വരുത്തി തീര്‍ക്കാന്‍ പ്രത്യേക കഴിവാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വൈദ്യുതി ഉല്പാദനം നടന്നില്ലെന്ന സര്‍ക്കാര്‍ വാദം തികച്ചും വസ്തുതാ വിരുദ്ധമാണ്. നവ ഉദാരവല്‍ക്കരണ നയം തുടങ്ങിയത് യുഡിഎഫ് ആണ്. മുഖ്യമന്ത്രി അത് മറന്നു പോയതെങ്ങനെയാണ്. ആ നയമാണ് യുഡിഎഫ് വീണ്ടും നടപ്പിലാക്കാന്‍ പോകുന്നത്. ആ നയത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വൈദ്യുതി പ്രതിസന്ധി. കഴിഞ്ഞ സര്‍ക്കാരിന്റെ മേല്‍ കുറ്റം പറഞ്ഞ് ചാടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ദുരിതം എന്ന് തീരുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: Minister Sunny Joseph told the Kerala Assembly that the government had succeeded in resolving the power crisis in the state

dot image
To advertise here,contact us
dot image