

കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടിയ യുവാവില് നിന്നും പണം തട്ടി സംഘം. കോഴിക്കോട് വെസ്റ്റിൽ താമസിക്കുന്ന പി കെ സുരാജിനാണ് പണം നഷ്ടമായത്. വീടില്ലാത്ത സുരാജിനെ ഗൾഫിലുള്ള സംഘടന അഞ്ചുലക്ഷം രൂപ സഹായധനം നൽകാം എന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപ കൈമാറാൻ എഗ്രിമെൻ്റ് എഴുതാൻ 2600 രൂപ വേണമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് സർവീസ് ചാർജായി 4600 രൂപ വേണമെന്നും സംഘം ആവശ്യപ്പെട്ടു. ഡയാലിസിസ് ചെയ്യാനായി പലരും സഹായമായി നല്കിയ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.
തട്ടിപ്പിനായി സുരാജിനെ സംഘം ഫോണിലൂടെ സമീപിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
സംഭാഷണം ഇങ്ങനെ,
യുവാവ് : ഇന്നാണോ വരുന്നത്
തട്ടിപ്പ് സംഘം : ഇന്ന് അല്ല നാളെ കാലത്ത്, നാളെ രാവിലെ പത്തര പതിനൊന്ന് മണിയാകുമ്പോൾ എത്തും, ഞങ്ങൾ പെരുമ്പിലാവിൽ നിന്നാണ് വരുന്നത്
യുവാവ് : ഞങ്ങൾ അങ്ങോട്ട് വന്നാൽ മതിയോ
തട്ടിപ്പ് സംഘം : അല്ല ഞങ്ങൾക്ക് നിങ്ങളുടെ സ്ഥലം കാണണം, അല്ലങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യൂ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ 2300 രൂപ അയക്കൂ, അല്ലെങ്കിൽ രണ്ടായിരത്തിന് ചെയ്തുതരാം അതാണ് നല്ലത്. 10 , 20 മിനിറ്റിന്റെ കാര്യമേ ഉള്ളൂ
യുവാവ് : ഞാൻ വേണമെങ്കിൽ അങ്ങോട്ട് വരാം അപ്പോൾ പ്രശ്നമില്ലല്ലോ
തട്ടിപ്പ് സംഘം : ഇവിടേക്ക് വന്നിട്ട് എന്താണ് കാര്യം. ചെക്കല്ലെ കയ്യിലുള്ളത്, 4300 രൂപ കൈയ്യിൽ ഉണ്ടെങ്കിൽ ഇവിടെക്ക് വന്നോളൂ
യുവാവ് : ചെക്ക് തരണമെങ്കിൽ 4300 രൂപ അങ്ങോട്ട് തരണം എന്നാണോ
തട്ടിപ്പ് സംഘം : അക്കൗണ്ടിലേക്ക് പൈസ ആഡ് ചെയ്യണമെങ്കിൽ 4300 രൂപ തരണം, ഒരു ലക്ഷത്തിന് 860 രൂപ വെച്ച് വേണം
യുവാവ് : വെസ്റ്റേൺ യൂണിയനിലേക്ക് ആണോ വരേണ്ടത് ? എവിടെയാ സ്ഥലം പറഞ്ഞത് പെരുമ്പിലാവ് ആണോ?
തട്ടിപ്പ് സംഘം : പെരുമ്പിലാവ് എത്തിയിട്ട് വിളിച്ചാൽ മതി വരുന്നുണ്ടെങ്കിൽ, 12 മണിയാകുമ്പോഴേക്കും എത്തണം, മാക്സിമം ഒരു മണി വരെ ഉണ്ടാവുകയുള്ളൂ
യുവാവ് : എഗ്രിമെന്റ് വാങ്ങിച്ചോ സാർ വാങ്ങിച്ചോ
തട്ടിപ്പ് സംഘം : എഗ്രിമെന്റ് സൈൻ ചെയ്ത് വെച്ചിട്ടുണ്ട്, ബാക്കി നിങ്ങൾ ഒപ്പിടണം,പേയ്മെന്റ് കിട്ടി ബോധിച്ചതിനു ശേഷം എഗ്രിമെന്റ് സൈൻ ചെയ്യണം
യുവാവ് : ഗൾഫിലെ ആര് തരുന്ന ഫണ്ട് ആണ് ഇത്, ഗ്രൂപ്പ് ഉണ്ടോ
തട്ടിപ്പ് സംഘം : ഗ്രൂപ്പ് ഒന്നുമില്ല വ്യക്തികളുടെ ഫണ്ടാണ്
യുവാവ് : മാതൃഭൂമി പത്രത്തിൽ വാർത്ത വന്നതുകൊണ്ട് പത്രക്കാരെ അറിയിക്കണം, അവര് ചോദിച്ചിട്ടുണ്ട്
തട്ടിപ്പ് സംഘം : ഞങ്ങളെ വാർത്ത പത്രത്തിൽ ഒന്നും വരേണ്ട, ആരെയും അറിയിക്കേണ്ട, വലതു കൈ കൊടുത്തത് ഇടത് കൈ അറിയണ്ട.
നിങ്ങൾക്കിന്ന് ഒരു മണിയാകുമ്പോഴേക്കും എത്താൻ സാധിക്കുമോ, അല്ലെങ്കിൽ ഞങ്ങൾ നാളെ അങ്ങോട്ട് എത്താം
യുവാവ് : ഇന്ന് എത്താൻ പറ്റില്ല, എനിക്ക് ആശുപത്രിയിൽ പോകണം
തട്ടിപ്പ് സംഘം : ഞങ്ങൾ അങ്ങോട്ട് വരുന്നതിന്റെ ഡീസൽ എക്സ്പെൻസ് നിങ്ങൾ തയ്യാറാക്കി വെച്ചോളൂ
യുവാവ് : എനിക്ക് അതാണ് മനസ്സിലാകാത്തത്, ഈ ഡീസൽ എക്സ്പെൻസ് എന്ന് പറയുന്നതാണ് മനസ്സിലാകാത്തത്
തട്ടിപ്പ് സംഘം : ഞങ്ങൾ നിങ്ങളുടെ ആവശ്യത്തിന് ഇവിടെ നിന്നും കാറും പിടിച്ച് അങ്ങോട്ടേക്ക് വരികയാണ്
യുവാവ് : ഒരു സഹായം കിട്ടുന്നതിന്…. ഓൾറെഡി 2600 നിങ്ങൾ എൻറെ കയ്യിൽ നിന്നും വാങ്ങിച്ചു
തട്ടിപ്പ് സംഘം : ഒരു കാര്യം ചെയ്യൂ ഞാൻ രാവിലെ കാലത്ത് ഇവിടെ നിന്നും പുറപ്പെടുമ്പോൾ നിങ്ങളെ വിളിക്കാം 7 മണിക്ക് വിളിക്കാം
യുവാവ് : ഡീസലിന്റെ പൈസ ഞാൻ എന്തായാലും ഇവിടെ വന്നിട്ടേ നിങ്ങൾക്ക് തരികയുള്ളൂ, എനിക്ക് നിങ്ങളെ കാണണം
തട്ടിപ്പ് സംഘം : എന്നാൽ ഞങ്ങൾ വിളിക്കാം
Content Highlights:A group allegedly cheated a young man seeking financial assistance for treatment after both his kidneys failed