

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദുരൂഹത. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്.
കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. 'പ്രതിയുടെ പ്രവർത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്‌ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവർത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്‌ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോര്‍സ്റ്റല്‍ ഹോമില്‍ അയക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
വളരെ വൈകാരികമായായിരുന്നു ഗോപികയുടെ മാതാപിതാക്കളുടെ പ്രതികരണം. കരുതിക്കൂട്ടി കൊലപ്പെടുത്തണം എന്നതിന് സമാനമായി നടന്ന ഒരു പ്രവൃത്തിയില്‍ പൊലീസ് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഗോപികയുടെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി രക്ത സാമ്പിളുകള്‍ ശേഖരിച്ചതിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്. മുകളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് റീ പോസ്റ്റ്‌മോര്‍ട്ടം എന്നാണ് പൊലീസ് അറിയച്ചതെന്നും ഇവര്‍ പറയുന്നു. ആരാണ് സുഹൈലിനെ സംരക്ഷിക്കുന്നതെന്നാണ് ഗോപികയുടെ കുടുംബം ചോദിക്കുന്നത്. തങ്ങള്‍ നിയമ പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. കൂടാതെ ആലപ്പുഴയിലെ മന്ത്രിമാര്‍ സുഹൈലിന് വേണ്ടി ഇടപെട്ടിട്ടുണ്ടോ എന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. മകളുടെ വിയോഗത്തിന്റെ സങ്കടത്തില്‍ നില്‍ക്കുന്ന തങ്ങളെ ആധിക്ഷേപിക്കുന്ന നിലയിലാണ് ചില രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
അതേസമയം സംഭവം നടന്ന സമയം മരിച്ചവരുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. ഇതില്‍ പറഞ്ഞ കാര്യങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുഹൈല്‍ ഓടിച്ച വാഹനമാണ് ഇടിച്ചതെന്ന് ഈ സുഹൃത്തിന് അറിയില്ലായിരുന്നു. അതിനാലാണ് എഫ്‌ഐആര്‍ അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വന്നതെന്നാണ് പൊലീസ് വാദം. പ്രതി മദ്യ ലഹരിയിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞിരുന്നില്ല. പിന്നാലെ പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധിച്ച് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. കൂടാതെ സുഹൈലിനെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് മാറ്റാനുള്ള തീരുമാനം മജിസ്‌ട്രേറ്റിന്റേതാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ നെടുമ്പാശ്ശേരി അപകടം ദാരുണമായ സംഭവമാണെന്ന് മന്ത്രി എം ലിജു നിയമസഭയില്‍ പറഞ്ഞു. 23 വയസ്സിന് താഴെയുള്ള ആള്‍ക്ക് മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വിട്ടുവീഴ്ച ഇല്ലാത്ത നടപടി സര്‍ക്കാരില്‍ നിന്നുണ്ടാകും. ലഹരി ഉപയോഗിക്കുന്ന ആളുകളാണ് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നത്. 23 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Gopika’s family has questioned the details recorded in the FIR registered after the Nedumbassery vehicle accident. They allege that the document does not identify who was driving the vehicle and does not mention alcohol. The family also pointed out that Suhail’s name was not included in the accused column, which reportedly uses the term “unknown.”