സിഎംആര്‍എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്; വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും

ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടർ മനോജ് ഏബ്രഹാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇഡിയുടെ കത്ത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി

സിഎംആര്‍എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്; വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്. ഇ ഡിയുടെ കത്തില്‍ വിജിലന്‍സ് പരിശോധന നടത്തും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടർ മനോജ് ഏബ്രഹാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇഡിയുടെ കത്ത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. സൂക്ഷ്മതയോടെ എഫ്‌ഐആര്‍ തയ്യാറാക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഫ്‌ഐആറില്‍ പിഴവ് സംഭവിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്നോ തിങ്കളാഴ്ചയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുക്കുക. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും, കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് എല്‍ഡിഎഫിനും തിരിച്ചടിയാണ്.

ഇഡി സമര്‍പ്പിച്ച വിവരങ്ങളില്‍ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്‌ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

തൊട്ടുപിന്നാലെ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡിയും മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിജിലന്‍സ് ഓഫീസ് അവധിയാണെങ്കിലും ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലെത്താന്‍ പ്രത്യേക നിര്‍ദേശമുണ്ട്. ഇന്ന് ഉച്ചയോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അനുമാനം. അതിവേഗം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസില്‍ അന്വേഷണം നടത്തും.

Content Highlights: Vigilance to register FIR in the CMRL-Exalogic case following the Kerala High Court order, naming Pinarayi Vijayan, Mohammed Riyas and T Veena as accused

dot image
To advertise here,contact us
dot image