

തിരുവന്നതപുരം: കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ താല്‍ക്കാലിക നിയമനം. സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം നല്‍കിയത്. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നല്‍കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം ലഭിക്കുക. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചതാണെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം.
മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദേശിച്ച ആര്‍ അരുണ്‍കുമാറാണ് സീമാറ്റ് കേരള ഡയറക്ടര്‍. വി ഡി സതീശനെ പിന്തുണക്കുന്ന ചുരുക്കം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ബി ആര്‍ എം ഷെഫീര്‍. കെപിസിസി സെക്രട്ടറി കൂടിയാണ് ബി ആര്‍ എം ഷെഫീര്‍. സാധാരണയായി ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ള ആളുകളെ താല്‍ക്കാലിക തസ്തികകളിലേക്ക് നിയമിക്കുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്. ഇപ്പോള്‍ വിവാദത്തിലാകുന്ന സിമാറ്റ് നിയമനത്തില്‍ പ്രസ്തുത പദവിയില്‍ ഒഴിവുവരുമ്പോള്‍ അപേക്ഷ ക്ഷണിക്കുന്നതാണ് രീതി. പിന്നാലെ വരുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതിന് ശേഷം നിയമനം നല്‍കുകയാണ് ചെയ്യുക. ആ രീതി അട്ടിമറിക്കപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം.
ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡാറ്റ കിട്ടിയെന്നും പിന്നാലെ നിയമനം നടത്തിയെന്നുമാണ് സീമാറ്റ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നിയമന നയപടി ക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് സീമാറ്റ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ആ പദവിയില്‍ ജോലി ചെയ്യാന്‍ പറ്റുന്ന നിലയില്‍ യോഗ്യതകള്‍ ഷാനിക്കുണ്ട് എന്ന് കണ്ടാണ് നിയമനം നയത്തിയതെന്നാണ് വിശദീകരണം. എന്നാല്‍ സമാന യോഗ്യതകളോ അതിനു മുകളിലോ ഉള്ളവര്‍ക്ക് പ്രസ്തുത ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് നിയമനം നടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സീമാറ്റില്‍ ഷാനി ജോലി ചെയ്ത് വരികയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രത്യേക തല്‍പര്യം നിയമനത്തില്‍ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്താനാണ് സാധ്യത. വി ഡി സതീശനെ പ്രശംസിച്ച് പലതവണയാണ് ബി ആര്‍ എം ഷെഫീര്‍ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനം നടത്തി തുറന്നടിച്ചപ്പോള്‍ വി ഡി സതീശനെ പിന്തുണച്ചും അടൂര്‍ പ്രകാശിനെതിരെ വിമര്‍ശനമുയര്‍ത്തിയും ഷെഫീര്‍ പരസ്യമായി പ്രതികരിക്കുന്ന സാഹചര്യമുണ്ടായി.
Content Highlights: Congress leader BRM Shafeer’s wife Shani Shafeer has been appointed as a contract Research Officer at SEEMAT under the Education Department. The appointment was made after her biodata was obtained without inviting applications, with a monthly salary of Rs 40,000. SEEMAT authorities said she was selected based on her qualifications when a vacancy arose.