

ഇടുക്കി: ഇടുക്കിയിലെ സമ്പൂര്‍ണ പരാജയത്തില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി. ഉടുമ്പന്‍ചോലയില്‍ എം എം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായെന്നാണ് വിമര്‍ശനം. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്നായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും വിമര്‍ശനം ഉയര്‍ന്നു.
എംഎല്‍എ എന്ന നിലയില്‍ ദേവികുളത്ത് എ രാജയ്ക്ക് ശോഭിക്കാനായില്ല. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനവും ദേവികുളത്ത് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയിലുണ്ടായത്. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നുവെന്നാണ് വിമര്‍ശനം.
അതേസമയം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റിയില്‍ നിന്ന് പി എസ് രാജനെ ഒഴിവാക്കിയേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജില്ലാ കമ്മിറ്റിയില്‍ രണ്ട് പുതുമുഖങ്ങള്‍ വരാനാണ് സാധ്യത. നാല് പുതിയ ഏരിയ സെക്രട്ടറിമാര്‍ പ്രത്യേക ക്ഷണിതാക്കളുമായേക്കും.
സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. നേതാക്കള്‍ ബന്ധുക്കളെ മത്സരിപ്പിച്ചത് ഒഴിവാക്കണമായിരുന്നുവെന്നാണ് ഉയര്‍ന്ന ഒരു വിമര്‍ശനം. എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ഓഫീസുകളില്‍ സാധാരണക്കാരെ ഗൗനിച്ചില്ലെന്നും പ്രതിനിധികള്‍ പറയുന്നു. മൂന്നാം തവണയും അധികാരത്തില്‍ വന്നിരുന്നെങ്കില്‍ അഹങ്കാര പ്രവണത തുടരുമായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
Content Highlights: The CPM extended district committee has criticised the party leadership over its poor performance in Idukki, citing the candidate selection in Udumbanchola