

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ് അപകടമുണ്ടായത്. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു.
മലപ്പുറം തിരൂര്‍ റൂട്ടില്‍ ആല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂര്‍ ഓടക്കാലിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വൈകിട്ട് നാലരയോടെ ഓടക്കാലി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ചാലക്കുടിയില്‍ മരം വീണ് ബിഎംഡബ്ല്യൂ കാര്‍ തകര്‍ന്നു. സ്വകാര്യ ഹോട്ടലിന് മുന്നില് നിര്‍ത്തിയ കാറിന് മുകളിലേക്കാണ് മരം വീണത്. കാറിനൊപ്പം മറ്റു രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. ആര്‍ക്കും ആളപായമില്ലെന്നാണ് വിവരം.
അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് മുന്നറിയിപ്പുകൾ ഇല്ല. ഒക്ടോബർ ഒൻപതിന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ാം തീയതി മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഇന്ന് മുതൽ 10 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 6,9,10 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: Heavy rain and strong winds have caused widespread damage across several parts of the state, with reports of damage to homes, vehicles and other properties.