

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംബന്ധിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. എയിംസ് കേരളത്തില്‍ ഏത് സ്ഥലത്താണോ അനുയോജ്യം അവിടെ സ്ഥാപിക്കാന്‍ സുരേഷ് ഗോപി മുന്‍കൈ എടുക്കട്ടെയെന്നും തന്നെ വെല്ലുവിളിച്ചതുകൊണ്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
'അനുയോജ്യമായ സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ. എനിക്ക് തുറന്ന മനസ്സാണ് ഇക്കാര്യത്തില്‍. എയിംസ് കേരളത്തില്‍ വേണമെന്നതില്‍ സംശയമില്ല. സ്ഥലം കാണിച്ചുതന്നാല്‍ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ', കെ മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ സേവനം കൊണ്ടാണല്ലോ തൃശ്ശൂരില്‍ മത്സരിച്ച എല്ലാ സീറ്റിലും ബിജെപി മൂന്നാമത് പോയതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ആവശ്യമില്ലാത്ത വെല്ലുവിളി സ്വീകരിക്കാനില്ല. സുരേഷ് ഗോപിയെ താന്‍ ഇപ്പോഴും രാഷ്ട്രീയക്കാരനായി കാണുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ ചികിത്സാപ്പിഴവുകള്‍ വലിയ പ്രശ്‌നമല്ലേയെന്ന ചോദ്യത്തോട് ആയിരം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അഞ്ചോ പത്തോ കാര്യങ്ങള്‍ക്കാണ് പ്രൊജക്ഷന്‍ കിട്ടുന്നതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അത് തന്റെ കുറ്റം അല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല സേവനം ഉറപ്പുവരുത്തുകയെന്നതാണ് തന്റെ ലക്ഷ്യം. അതിന് മുന്നിലുള്ള തടസ്സങ്ങളെ നീക്കി മുന്നോട്ടുപോകും. അതില്‍ സംശയം ഇല്ല. മരുന്നുകളെക്കുറിച്ചും ഇപ്പോള്‍ വലിയ പരാതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എയിംസ് തൃശ്ശൂരില്‍ വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വെല്ലുവിളി. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കായി കെ മുരളീധരനെ സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു. 'അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ എന്റെ കൂടെ ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പറയൂ. എല്ലാ മാധ്യമങ്ങളെയും വിൡക്കാം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായല്ലോ' എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Content Highlights: Health Minister K Muraleedharan has responded to Union Minister Suresh Gopi’s challenge concerning the establishment of an AIIMS in Kerala