

ഒക്ടോബർ 10 മുതൽ ഡൽഹിയിൽ വീണ്ടും മുസ്ലിം യൂത്ത് ലീഗ്
സമരം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ രണ്ടാം ഘട്ട സമരം ഒക്ടോബർ 10 ന് ഡൽഹിയിൽ ആരംഭിക്കും. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവിധ സിവിൽ സൊസൈറ്റി സംഘടനകളും നടത്തുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡൽഹിയിൽ യുവജന-വിദ്യാർത്ഥി സമരം സംഘടിപ്പിക്കുകയെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഷിബു മീരാൻ, എം എസ് എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു എന്നിവർ അറിയിച്ചു. ഒക്ടോബർ 10 ന് ഡൽഹിയിൽ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകരും എംഎസ്എഫ് പ്രവർത്തകരുമാണ് പങ്കെടുക്കുക. തുടർന്നുള്ള ദിവസങ്ങളിൽ യു പി, ഹരിയാന, പഞ്ചാബ്, ബിഹാർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ്-എംഎസ് എഫ് പ്രവർത്തകർ ഓരോ ദിവസം വീതം സമര മുഖത്തെത്തും. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഡൽഹിയിൽ പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് ദേശീയ കമ്മിറ്റി സമര പരിപാടി ആസൂത്രണം ചെയ്യുന്നത്.
വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് പ്രതിപക്ഷ പാർട്ടികളും പൊതു സമൂഹവും ഒരുമിച്ചു അണിനിരക്കേണ്ട സമരമാണിത്. വിശാല പ്രതിപക്ഷം എന്ന കാഴ്ചപ്പാടിലേക്ക് വളരാൻ സമരം ചെയ്യുന്ന എല്ലാവർക്കും കഴിയേണ്ടതുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥയുടെ നിക്ഷ്പക്ഷത ഉറപ്പാക്കാനായില്ലെങ്കിൽ രാജ്യം തന്നെ കൈവിട്ടു പോകുന്ന സാഹചര്യമാണ്. ഈ സമരത്തിൽ ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും അന്തിമ വിജയം വരെ സമര മുന്നണിയിൽ ഉണ്ടാകുമെന്നും അഡ്വ ഷിബു മീരാൻ പറഞ്ഞു.
Content Highlights: The Muslim Youth League will resume its protest in Delhi from October 10 following Gyanesh Kumar’s resignation, intensifying its demand for action on the issue