

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി. അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ദീപാ ദാസ്മുന്‍ഷി പറഞ്ഞു. അടൂര്‍ പ്രകാശ് പരാതി പറഞ്ഞത് പാര്‍ട്ടി ഫോറത്തിലല്ല. തനിക്ക് പരാതി ലഭിച്ചിട്ടില്ല. അടൂര്‍ പ്രകാശിന്റെ വാര്‍ത്താസമ്മേളനം ശ്രദ്ധയില്‍പ്പെട്ടിരുന്നു. വി ഡി സതീശന്‍ സര്‍ക്കാര്‍ മികച്ച രീതിയിലാണ് പോകുന്നത്. യുഡിഎഫ് സര്‍ക്കാര്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും ദീപാ ദാസ്മുന്‍ഷി പറഞ്ഞു. യുഡിഎഫ് യോഗം രണ്ട് ദിവസത്തിനകം ചേരും. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും ദീപ ദാസ്മുന്‍ഷി പറഞ്ഞു.
യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അടൂര്‍ പ്രകാശ് നേരിട്ട് പരാതി നല്‍കിയിരുന്നു.
അതൃപ്തി അറിയിച്ചുകൊണ്ട് അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്കമാക്കി. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.
'യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു', എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സഘര്‍ഷമില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞതിനപ്പുറം ഒന്നും പറയാന്‍ ഇല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ കൂടി ആലോചിക്കണമായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പോര് പരസ്യമായത്.
Content Highlights- Deepa Dasmunsi described Adoor Prakash's remarks as his personal opinion and said that the government led by VD Satheesan was functioning well.