

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മില്‍ കയ്യാങ്കളി. സംസ്ഥാന കായികമേള സംഘടിപ്പിച്ചതിലെ അഭിപ്രായ ഭിന്നതയാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടി. സ്‌കൂള്‍ കായിക മേളയ്ക്കിടെയുണ്ടായ അപകടത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി ഡപ്യൂട്ടി മേയര്‍ എ പ്രസാദ്. കായിക മേളയുടെ ഒരാലോചനയും കോര്‍പ്പറേഷനുമായി നടത്തിയിട്ടില്ലെന്നും ആരോപിച്ചു. ഉദ്ഘാടനത്തിന്റെ അറിയിപ്പ് മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും നല്‍കിയത് തലേന്ന് രാത്രി മാത്രമാണെന്നാണ് ആരോപണം.
കായിക മേളയ്ക്ക് ഉദ്ഘാടകനെ കിട്ടാതെയായപ്പോള്‍ തന്നെ ഉദ്ഘാടകയാക്കിയെന്ന് മേയര്‍ ഡോ നിജി ജസ്റ്റിന്‍ ആരോപിച്ചു. കോര്‍പ്പറേഷന്‍ ഭരണ സമിതിയുമായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ലെന്നും നനയാതെ ഈറന്‍ ചുമക്കാന്‍ കോര്‍പ്പറേഷനെ കിട്ടില്ലെന്നുമാണ് മേയറും ഡപ്യൂട്ടി മേയറും പറയുന്നത്. മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപെടുമെന്നും മേയര്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടി നടത്തുന്നതില്‍ കോര്‍പറേഷനുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല. സുരക്ഷാവീഴ്ച്ചയുണ്ടായപ്പോള്‍ ഉത്തരവാദിത്തം കോര്‍പറേഷന്റെ ചുമലില്‍ ഇടേണ്ടതില്ലെന്നും ഡപ്യൂട്ടി മേയര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ അപകടമുണ്ടായത്. കനത്ത കാറ്റിലും മഴയിലും കായിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നുപോവുകയായിരുന്നു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിങ് അടക്കമുള്ള മത്സരങ്ങളായിരുന്നു ഇവിടെ നടത്താനായി തീരുമാനിച്ചിരുന്നത്.
അപകടം നടന്ന് മൂന്നാം ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പോ മുന്‍സിപ്പാലിറ്റിയോ കായികവകുപ്പോ തയ്യാറായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാന തലത്തിലെ വലിയൊരു പരിപാടി നടക്കുന്ന സമയത്തും കൃത്യമായ പ്ലാനിങോ കൂടിയാലോചനയോ നടത്തിയില്ലെന്നത് ഗുരുതര വീഴ്ച്ചയാണെന്ന് ആരോപണമുയര്‍ന്നു.
Content Highlights: Around 10 students were injured at the Thrissur school sports meet, triggering a dispute over safety lapses and lack of coordination