'കരുവന്നൂർ കേസ് രാഷ്ട്രീയ പ്രേരിതം,കേസിൽ നിന്ന് ഒഴിവാക്കണം'; K രാധാകൃഷ്ണനും AC മൊയ്തീനുമടക്കം വിടുതൽ ഹർജി നൽകി

വിടുതൽ ഹർജിയെ എതിർക്കാനാണ് ഇ ഡിയുടെ തീരുമാനം

'കരുവന്നൂർ കേസ് രാഷ്ട്രീയ പ്രേരിതം,കേസിൽ നിന്ന് ഒഴിവാക്കണം'; K രാധാകൃഷ്ണനും AC മൊയ്തീനുമടക്കം വിടുതൽ ഹർജി നൽകി
dot image

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കൾ വിടുതൽ ഹർജി നൽകി. കെ രാധാകൃഷ്ണൻ എം പി, എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ളവരാണ് കലൂർ പിഎംഎൽഎ കോടതിയിൽ ഹർജി നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ വിടുതൽ ഹർജിയെ എതിർക്കാനാണ് ഇ ഡിയുടെ തീരുമാനം. ഇ ഡി എതിർ സത്യവാങ്മൂലം നൽകും. തട്ടിപ്പ് പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചുവെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നുമാണ് ഇ ഡി പറയുന്നത്. കമ്മീഷന്‍ ഇനത്തിലും പണം ലഭിച്ചു. സബ് കമ്മിറ്റിയെ ഉപയോഗിച്ച് ബാങ്കിന്റെ ഭരണ സമിതിയെ നിയന്ത്രിച്ചുവെന്നും ഇ ഡി ആരോപിക്കുന്നു. കേസിൽ ഇ ഡി നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യത്തെ കുറ്റപത്രത്തില്‍ 55 പ്രതികളും രണ്ടാമത്തെ കുറ്റപത്രത്തില്‍ 28 പ്രതികളുമാണ് ഉണ്ടായിരുന്നത്. ഇതോടെ മൊത്തം പ്രതികള്‍ 83ആയി ഉയര്‍ന്നിരുന്നു. ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎം വ്യാപക വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇ ഡി രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നാണ് സിപിഐഎം ആരോപിച്ചിരുന്നത്.

2012 മുതല്‍ തട്ടിപ്പ് നടന്നെന്ന കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ 2021 ജൂലൈ 21നാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. സിപിഐഎം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം വി സുരേഷാണ് പരാതി നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ പതിറ്റാണ്ടുകളായി സിപിഐഎം നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.

Also Read:

സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറി അടക്കം ആറുപേരെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. ആദ്യ അന്വേഷണത്തില്‍ 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തിയിരുന്നു. വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്.

യഥാര്‍ത്ഥ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഭൂമി ഈടുവെച്ച് വ്യാജ വായ്പകള്‍ അനുവദിച്ചു. ബാങ്ക് അംഗങ്ങളല്ലാത്തവര്‍ക്ക് ബിനാമി പേരുകളിലും വ്യാജരേഖകളിലും വായ്പകള്‍ നല്‍കി. ഒരേ ഈടില്‍ തന്നെ പലതവണ വായ്പകള്‍ അനുവദിക്കുകയും ചെയ്തു തുടങ്ങിയ ക്രമക്കേടുകള്‍ അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ക്രമക്കേട് വന്‍ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്‌പെഷല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് ഇഡി ഏറ്റെടുത്തത്.

Content Highlights: karuvannur money laundering case leaders seek removal from proceedings

dot image
To advertise here,contact us
dot image