വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണം

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
dot image

കൊച്ചി: വീണ്ടും മാധ്യമ വിലക്ക്. മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കി. സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണം. 'നിയമവിരുദ്ധ പ്രവര്‍ത്തനം' നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000-ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ മെറ്റയ്ക്ക് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പേജിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം ലഭിച്ചതെന്ന് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് 'നിയവിരുദ്ധമായത്' എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെ മുറുകെപ്പിടിച്ചും ജനാധിപത്യ- മതേതര മൂല്യങ്ങളില്‍ അടിയുറച്ചും മാധ്യമപ്രവര്‍ത്തനത്തെ പ്രയോജനപ്പെടുത്താനാണ് നോക്യാപ് ശ്രമിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കേരളത്തില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നിരീക്ഷിക്കുന്നതായും നോക്യാപ്പ് എഡിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

നോക്യാപ്പിന് നേരെയുണ്ടായ നടപടിയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ത്തിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. അടിയന്തരാവസ്ഥക്കാലം മുതല്‍ ഇന്നുവരെ മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത പാരമ്പര്യം മലയാളി സമൂഹത്തിനുണ്ടെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

നോക്യാപിന് നേരെയുള്ള ഈ നടപടിയിലും പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. ഇന്ന് ഒരു മാധ്യമത്തിന്റെ ശബ്ദത്തിന് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം നാളെ ഓരോ പൗരന്റെയും അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യമായി മാറരുത്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ആ അവകാശം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ജാഗ്രതയിലൂടെയും ഇടപെടലിലൂടെയുമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: The Facebook page of Malayalam independent digital media outlet Nookyapp has reportedly been restricted by Meta in India. Chief Editor Ali Haider said Meta attributed the action to a government notice issued under Section 79(3)(b) of the Information Technology Act, 2000, citing alleged unlawful activity.

dot image
To advertise here,contact us
dot image