

തിരുവനന്തപുരം: പൊലീസിനെതിരെ കൊലവിളിയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ. സിപിഐഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു ഭീഷണി മുഴക്കിയത്. എന്നാല്‍ കൊലപാതകം നടത്തുമെന്നല്ല താന്‍ പറഞ്ഞതെന്നും പൊലീസ് കൊല്ലുമെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നുമുള്ള വിശദീകരണവുമായി വി ജോയ് പിന്നാലെ രംഗത്തെത്തി.
സിപിഐഎം ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വി ജോയ്‌യുടെ പ്രസംഗം. ജോയിക്കൊപ്പം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുണ്ടായിരുന്നു.
'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം, നിങ്ങള്‍ നോക്കിക്കോ' എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കന്റോണ്‍മെന്റ് എസിപി ജയചന്ദ്രനോടാണ് ജോയ് പറഞ്ഞത്. എന്നാല്‍ കൊലപാതകം എന്ന് പറഞ്ഞ ശേഷം വി ജോയ് എന്താണ് പറയുന്നതെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമല്ല.
കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെ ലക്ഷ്യമിട്ടാണ് ഭീഷണിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് നേത്യത്വം നല്‍കിയത് ഗോകുല്‍ ഗോപനാണെന്ന് സിപിഐഎം നേരത്തെ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് വി ജോയി റിപ്പോര്‍ട്ടറിനോട് വിശദീകരിച്ചു. വിദ്യാര്‍ത്ഥികളെ പൊലീസ് ഇങ്ങനെ അടിച്ചാല്‍ മരണപ്പെടും എന്നുദ്ദേശിച്ചാണ് കൊലപാതകം നടക്കുമെന്ന് പറഞ്ഞതെന്നായിരുന്നു വി ജോയ്‌യുടെ വിശദീകരണം.
Content Highlights: CPM Thiruvananthapuram District Secretary V Joy MLA warning against the police during a CPM-organised march to the Secretariat.