

കോഴിക്കോട്: തന്നെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. കാബിനറ്റ് തീരുമാനം കൂട്ടായ തീരുമാനമാണ്. യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകും എന്നാണ് താന്‍ വിചാരിക്കുന്നതെന്നും എം കെ മുനിര്‍ പറഞ്ഞു.
ജനങ്ങള്‍ മാന്‍ഡേറ്റ് നല്‍കിയ സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കാം. മുസ്ലിം ലീഗ് പദവി ചോദിച്ചിരിക്കാം. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകും. കുറേകാലമായി ഈ പദവി സംബന്ധിച്ച് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും എം കെ മുനീര്‍ പറഞ്ഞു. ആറാം കാബിനറ്റ് ആരോപണം ശരിയല്ലെന്നും എം കെ മുനീര്‍ പറഞ്ഞു. ആലങ്കാരിക പദവിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്നും മുനീര്‍ പറഞ്ഞു.
മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെ കൂടിയാലോചന നടന്നില്ലെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എം കെ മുനീറിന്റെ പ്രതികരണം. വ്യാഴാഴ്ച കോണ്‍ഗ്രസ് ആസ്ഥാനക്ക് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂര്‍പ്രകാശ് വി ഡി സതീശനെതിരെ തുറന്നടിച്ചത്. യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
Content Highlights: Muslim League leader M K Muneer said the decision to appoint him as chairman of the Administrative Reforms Commission was not taken unilaterally by Chief Minister V D Satheesan